കോഴിക്കോട്: കേരളത്തിലെ മാധ്യമ മേഖലയില്‍ ഇടതുപക്ഷ അനുഭാവമുള്ളവര്‍ക്ക് ജോലി ലഭിക്കാനുള്ള സാഹചര്യം കുറഞ്ഞുവരുമ്പോള്‍ സഘപരിവാര്‍ ബന്ധമുള്ളവര്‍ക്ക് ജോലി സാധ്യത കൂടുകയാണെന്ന് മാധ്യമപ്രവര്‍ത്തക അപര്‍ണ സെന്‍. മാനേജ്മെന്റുകളുടെ ഫണ്ട് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്ന സമയത്തായിരിക്കും ഈ മാറ്റത്തിന്റെ ഉത്തരം ലഭിക്കുകയെന്നും അപര്‍ണ ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘പ്രോ ലെഫ്റ്റായ അപര്‍ണ സെന്നിന് ജോലി നല്‍കേണ്ടെന്ന് തീരുമാനിച്ച കേരളത്തിലെ മാനേജ്മെന്റുകള്‍ക്ക് ബി.ജെ.പിക്കാര്‍ക്ക് ജോലി നല്‍കുന്നതിന് യാതൊരു മടിയുമില്ലെന്നതാണ് കേരളത്തിലെ മാധ്യമ സംസ്‌കാരത്തിന്റെ ഏറ്റവും അവസാനത്തെ സംഘ്പരിവാര്‍ അനുകൂല നിലപാടുകളുടെ ദൃഷ്ടാന്തം.
പ്രോ ലെഫ്റ്റ് ആയതുകൊണ്ട് അപര്‍ണ സെന്നിന് ജോലി നല്‍കാന്‍ ആവുന്നില്ല എന്ന് പറയുമ്പോള്‍ എന്താണ് അതിന്റെ അര്‍ത്ഥം. സംഘപരിവാറിന് ഒപ്പം നില്‍ക്കുന്നവര്‍ക്ക് കുറച്ചുകൂടി സേഫ് ആയ താവളമായി ഈ കാര്യങ്ങളൊക്കെ മാറുന്നു എന്നേയുള്ളൂ. അവിടെ വന്നിട്ട് വലിയ സംഘപരിവാര്‍ വിരുദ്ധതയെക്കുറിച്ചൊക്കെ പറഞ്ഞുകഴിഞ്ഞാല്‍ ശരിക്കും പറഞ്ഞാല്‍ പുച്ഛിക്കേണ്ടി വരും.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം
ഇപ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയം തുറന്നു പറയുന്ന, പ്രോ ലെഫ്റ്റായിരിക്കുന്ന, ഒരു മാധ്യമത്തിന്റെ മുഖമായിരിക്കുന്ന ഒരാള്‍ മറ്റൊരിടത്തേക്ക് മാറണമെന്നാലോചിക്കുന്നു. പക്ഷേ ഈ പറയുന്ന ആള്‍ക്ക് കേരളത്തില്‍ ഏത് മാധ്യമത്തിലായിരിക്കും ജോലി കിട്ടുക. പ്രോ ലെഫ്റ്റായ ഒരാള്‍ക്ക് കൈരളിയില്‍ ജോലി കിട്ടുമായിരിക്കും, മീഡിയവണ്‍ ഒരു പരിധി വരെ സഹിക്കുമായിരിക്കാം. വേറെ ഏതെങ്കിലും മാധ്യമങ്ങളില്‍ കിട്ടാന്‍ സാധ്യത ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്.
റിപ്പോര്‍ട്ടേഴ്സ് ഒക്കെ ആണെങ്കില്‍ അവര്‍ പിന്നെയും സഹിക്കും. പക്ഷേ മാധ്യമത്തിന്റെ മുഖമായി നില്‍ക്കുന്ന, നിലപാടുകള്‍ പറയുന്ന ആളുകളെ മാനേജ്മെന്റ് ഇനി രണ്ടാമത് ആലോചിച്ച് മാത്രമേ പ്രവേശിപ്പിക്കുള്ളൂ. അതേസമയം ഞാന്‍ ബി.ജെ.പിയാണെന്ന് തുറന്നുപറയുന്നവര്‍ക്ക് ജോലി ലഭിക്കുന്നു എന്നതാണ് കേരളത്തിലെ മാധ്യമ ലോകം എങ്ങോട്ടേക്കാണ് ചലിച്ചിരിക്കുന്നത് എന്നതിനുള്ള ഉദാഹരണം,’ അപര്‍ണ പറഞ്ഞു.
മുമ്പ് ഇടത് അനുഭാവം മാധ്യമമേഖലയില്‍ സ്വീകാര്യമായിരുന്നെങ്കില്‍ ഇന്ന് നേരെ തിരിച്ചാണെന്നും അപര്‍ണ പറഞ്ഞു.
‘പണ്ട് എസ്.എഫ്.ഐക്കാരല്ലേ മാധ്യമങ്ങളില്‍ പലയിടത്തുമുള്ള ആളുകളെന്ന് ഞാന്‍ പലപ്പോഴായി പലരും പറയുന്നത് കേട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. നേരത്തെ പ്രോ ലെഫ്റ്റ് ആണെന്ന് പറയുമ്പോള്‍ കുറച്ചു കൂടി സ്വീകാര്യത കിട്ടുമായിരുന്നു. എന്നാല്‍ ഇനിയങ്ങോട്ട് അത് പാടായിരിക്കും,’ അപര്‍ണ കൂട്ടിച്ചേര്‍ത്തു.
Content Highlight: Aparna Sen says As chances of left sympathizers dwindle in media in Kerala, Sangh-affiliated ones get jobs quickly