| Monday, 20th March 2017, 5:58 pm

'കല്ലെറിഞ്ഞിട്ടും തീര്‍ന്നില്ല'; ഗീത ടീച്ചര്‍ക്കും മകള്‍ക്കുമെതിരെ സംഘടിത അക്രമങ്ങളുമായി സദാചാര പൊലീസുകാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അപമര്യാദയായി പെരുമാറുകയും കല്ലെറിയുകയും ചെയ്തവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ പേരില്‍ സാമൂഹ്യ പ്രവര്‍ത്തക ഗീതയ്ക്കും മകള്‍ക്കും നേരെ സംഘടിത അക്രമവുമായി സദാചാര വാദികള്‍. കല്ലെറിഞ്ഞവര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ കുടുംബത്തിനെതിരെ പരാതികളുമായി അധികൃതരെ സമീപിക്കുകയാണ് സമീപവാസികളില്‍ ചിലരെന്ന് അപര്‍ണ്ണ പ്രശാന്തി ഡൂള്‍ ന്യസിനോട് പറഞ്ഞു.


Also read പൂണൂല്‍ ജീവിതമാണ്; പക്ഷേ ചെങ്കൊടി എന്റെ ജീവനാണ് ; ആര്‍.എസ്.എസുകാരായ ക്ഷേത്രം ഭാരവാഹികളുടെ ശല്യം സഹിക്കവയ്യാതെ ശാന്തിപ്പണി ഉപേക്ഷിച്ച് യുവാവ് 


വീട്ടു പറമ്പിലെ മരങ്ങളുടെ ബാഹുല്ല്യം മൂലം ശ്വാസ കോശം ചുരുങ്ങുന്നു എന്ന പരാതിയുമായാണ് സമീപ വാസികള്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചിരിക്കുന്നത്. വീട്ടു പറമ്പിലെ മരങ്ങളുടെ ഇലകള്‍ കാറ്റത്ത് തങ്ങളുടെ വീട്ടു മുറ്റത്തേക്ക് എത്തുന്ന പരാതിയും ഇവര്‍ ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ട്.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുന്നേ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥര്‍ പരാതി പരിശോധിക്കാനായി വീട്ടിലെത്തിയന്നെും അപര്‍ണ്ണ പ്രശാന്തി പറഞ്ഞു. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാന്‍ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവര്‍ തുടര്‍ച്ചയായി അസഭ്യ വര്‍ഷം നടത്തുന്നതിന് എതിരെ നേരത്തെ ഡോ.ഗീത.
പൊലീസില്‍ പരാതി നല്‍കിയിരുന്നു.


Dont miss ഇതെന്താ ചുവന്ന ഷര്‍ട്ടിട്ട ജോര്‍ജോ!; നിവിന്‍ പോളിയുടെ സഖാവിന് ട്രോള്‍ മാലയിട്ട് സോഷ്യല്‍ മീഡിയയുടെ സ്വീകരണം 


ഇതിനു ശേഷം അപര്‍ണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറുണ്ടായിരുന്നു. തന്നെ അക്രമിച്ചവര്‍ക്കെതിരെ അപര്‍ണ്ണ നല്‍കിയ പരാതിയില്‍ കുറ്റാരോപിതനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ ജാമ്യത്തില്‍ വീട്ടിരുന്നു. ഇതിന് ശേഷമാണ് വീട്ടു പറമ്പിലെ മരങ്ങള്‍ മൂലം ശ്വാസകോശം ചുരുങ്ങുന്നെന്ന പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തുന്നത്.

കല്ലെറിഞ്ഞതിനെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് ഇത്തരം നടപടികളെന്നാണ് കരുതപ്പെടുന്നത്. തനിക്കെതിരെ അക്രമണമുണ്ടാകുന്നതിന് രണ്ടാഴ്ച മുമ്പ് പറമ്പില്‍ അനധികൃതമായി മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നു എന്ന പരാതി അയല്‍ക്കാര്‍ വില്ലേജ് ഓഫീസില്‍ നല്‍കിയിരുന്നതായും അപര്‍ണ പറഞ്ഞു. സദാചാര അക്രമണത്തിനെതിരെ തങ്ങള്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് എത്തുന്നതിനെതിരേയും സമീപവാസികള്‍ അപവാദ പ്രചരണങ്ങള്‍ നടത്തുന്നതായും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

പൊലീസ് താമസസ്ഥലത്ത് എത്തുന്നത് നാട്ടിലെ കുടുംബങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്നാണ് ഇവര്‍ പറയുന്നത്. കല്ല്യാണ പ്രായമായ പെണ്‍കുട്ടികള്‍ വീട്ടിലുണ്ടെന്നും ഗീതയും കുടുംബവും ഇവിടെ താമസിക്കുന്നത് പൊലീസുകാര്‍ നാട്ടില്‍ വന്നു പോകാന്‍ കാരണമാകുന്നു എന്നും ഇത് സമൂഹത്തില്‍ മാന്യമായി താമസിക്കുന്ന തങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു എന്ന വാദമാണ് സമീപ വാസികള്‍ ഉയര്‍ത്തുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി വന്ന പൊലീസ് മോശമായ രീതിയില്‍ ഇവിടെയാരോടും പെരുമാറിയിട്ടില്ലെന്നും അക്രമണം ഉണ്ടായാലും പൊലീസിന്റെ സഹായം തേടാതിരിക്കാനാണ് ഇവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അപര്‍ണ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരെ അവര്‍ നല്‍കുന്ന പരാതി അന്വേഷിക്കാന്‍ അധികൃതര്‍ വരുന്നതില്‍ യാതൊരു പ്രശ്‌നമില്ലെന്നും തങ്ങള്‍ നിലനില്‍പ്പിനായി പൊലീസ് സഹായം തേടിയാല്‍ സ്ത്രീകള്‍ ഉള്ള വീട്ടില്‍ പൊലീസ് കയറി ഇറങ്ങുന്നു എന്ന തരത്തില്‍ പ്രചരണം നടത്തുകായണെന്നും അപര്‍ണ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more