സിനിമാ മേഖലയിലാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലും സത്യസന്ധമായി ജീവിക്കാന്‍ കഴിയുമെന്ന് നടി അപര്‍ണ ബാലമുരളി. സിനിമാ മേഖലയില്‍ നിലനില്‍ക്കുമ്പോള്‍ എല്ലായ്‌പ്പോഴും സത്യസന്ധത നിലനിര്‍ത്താന്‍ കഴിയുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് അപര്‍ണ. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
സത്യസന്ധമായി നിലനില്‍ക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറുന്നതാണ് നല്ലതെന്നും സിനിമയിലെ പോലെ ജീവിതത്തിലും എപ്പോഴും അഭിനയിക്കാന്‍ കഴിയില്ലെന്നും അപര്‍ണ പറഞ്ഞു. സത്യസന്ധമായിരിക്കുമ്പോഴാണ് സംതൃപ്തി കിട്ടുന്നതെന്നും കുറച്ച് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍ ഓര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ലെന്നും താരം പറഞ്ഞു.
‘ജീവിതത്തില്‍ എല്ലാ കാര്യത്തിലും സത്യസന്ധത നിലനിര്‍ത്താന്‍ സാധിക്കും, അത് സിനിമയിലാണെങ്കിലും. അങ്ങനെ നമുക്ക് സത്യസന്ധമായി നില്‍ക്കാന്‍ കഴിയാത്ത സ്ഥലത്ത് നില്‍ക്കാതിരിക്കുക എന്നതാണ് ഓരേ ഒരു മാര്‍ഗം. കാരണം നമ്മള്‍ സിനിമയിലും അഭിനയിക്കുന്നു അതുകൊണ്ട് ജീവിതത്തിലും എപ്പോഴും അഭിനയിച്ച് കൊണ്ടിരിക്കുക നടക്കുന്ന കാര്യമല്ല.
എല്ലാത്തിന്റെയും അവസാനം തിരിച്ച് വീട്ടില്‍ വന്ന് നമ്മുടെ കട്ടിലില്‍ കിടന്നുറങ്ങുമ്പോള്‍ നമുക്ക് സംതൃപ്തികിട്ടുന്നത് ചിലപ്പോള്‍ ആ ഒരു സത്യം പരഞ്ഞതുകൊണ്ടായിരിക്കും. കാരണം നമ്മള്‍ നമ്മളെ തന്നെ പറ്റിച്ചിട്ട് കാര്യമില്ല. പിന്നെ ഒരു അഞ്ച് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍, ഇതൊന്നും ഞാന്‍ അന്ന് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിട്ട് കാര്യമില്ല.
ജീവിതത്തിലും അങ്ങനെ അഭിനയിക്കുകയാണെങ്കില്‍ ഇത്തരത്തിലൊരു ചിന്ത ഉറപ്പായും നമുക്ക് പിന്നീട് വരും. ശരിക്കും അങ്ങനെയൊരു വിഷമത്തിന്റെ ആവശ്യമില്ലല്ലോ. അങ്ങനെ അഭിനയിച്ചിരുന്നിട്ട് ജീവിതത്തില്‍ നിന്നും പ്രത്യേകിച്ചൊന്നും നമുക്ക് നേടാനില്ലല്ലോ. പറയേണ്ട കാര്യങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ നമ്മള്‍ പറയുക തന്നെ വേണം. ഒന്നും കണ്ടില്ല കേട്ടില്ലായെന്ന് നടിച്ച് എപ്പോഴും നമുക്ക് നടക്കാന്‍ പറ്റില്ല,’ അപര്‍ണ ബാലമുരളി പറഞ്ഞു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന തങ്കമാണ് അപര്‍ണയുടെ ഏറ്റവും പുതിയ സിനിമ. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജനുവരി 26നാണ് സിനിമ തിയേറ്ററിലെത്തുന്നത്.
content highlight: aparna murali about fim industry