| Tuesday, 3rd December 2024, 3:11 pm

എല്ലാവരും ആ സിനിമയെ ട്രോളിയപ്പോഴും എനിക്ക് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ: അപര്‍ണ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ദാസ്. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച അപര്‍ണ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഡാഡാ എന്ന ചിത്രത്തിലൂടെ വന്‍ രീതിയിലുള്ള ജനപ്രീതി നേടാന്‍ കഴിഞ്ഞു.

ബീസ്റ്റ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. ബീസ്റ്റ് ചെയ്യുന്ന സമയത്ത് ചിത്രം ഹിറ്റാകുമെന്നാണ് എല്ലാവരും കരുതിയതെന്നും എന്നാല്‍ ചിത്രം ഇറങ്ങി കഴിഞ്ഞപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചതെന്നും അപര്‍ണ പറയുന്നു. വിജയ്യുമായി നല്ല കമ്പനി ആയിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

ബീസ്റ്റ് എന്ന ചിത്രം കാരണം തനിക്ക് നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളുവെന്നും ആ ചിത്രത്തിന് ശേഷമാണ് തനിക്ക് ഡാഡാ എന്ന ചിത്രം ലഭിച്ചതെന്നും അപര്‍ണ പറഞ്ഞു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ദാസ്.

‘ബീസ്റ്റ് ചെയ്യുന്ന സമയത്ത് ഭയങ്കരമായിട്ട് നമ്മളെല്ലാവരും അത് ഹിറ്റാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇറങ്ങിയ സമയത്ത് ആ ചിത്രത്തിന് മിക്‌സഡ് റിവ്യൂസ് ആയിരുന്നു. ഇഷ്ടപെട്ടവരില്ല എന്നല്ല. ഇഷ്ടപെട്ടവരും ഉണ്ട്. അതെന്തും ആയിക്കൊള്ളട്ടെ. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ വിജയ് സാറിനെ പോലെ ഒരാളുടെ കൂടെ അഭിനയിക്കാന്‍ കഴിയുന്നു എന്ന് പറഞ്ഞാല്‍ അത് വളരെ വലിയ കാര്യമല്ലേ.

ആ സിനിമ കാരണം എനിക്ക് തമിഴ് സിനിമയിലേക്ക് വലിയ കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ കൂടെ എന്‍ട്രി നടത്താന്‍ പറ്റി. വിജയ് സാര്‍ അത്രയും കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്‌തൊരു ചിത്രമാണ് ബീസ്റ്റ്. വിജയ് സാറാണെന്ന് തന്നെ ചിലപ്പോള്‍ മറന്ന് പോകും. അത്രയും ക്ലോസായിരുന്നു എല്ലാവരും ആയിട്ടും. ട്രോളുകളൊക്കെ വന്നപ്പോള്‍ ആദ്യം മാത്രമേ വിഷമം ഉണ്ടായിരുന്നുള്ളു. അത് കഴിഞ്ഞ് ആ ചിത്രത്തില്‍ നിന്ന് എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ.

ബീസ്റ്റ് കാരണമാണ് എനിക്ക് ഡാഡാ വന്നത്. ഡാഡായില്‍ അഭിനയിച്ചതുകൊണ്ട് എനിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. സിനിമ അങ്ങനെത്തന്നെയാണ്. പരാജയങ്ങള്‍ വരുമ്പോള്‍ തളരാതിരിക്കാനും വിജയങ്ങള്‍ വരുമ്പോള്‍ മതിമറക്കാതിരിക്കാനുമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്,’ അപര്‍ണ ദാസ് പറയുന്നു.

Content Highlight: Aparna Das Talks About Beast Movie

We use cookies to give you the best possible experience. Learn more