സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന് എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ദാസ്. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഡാഡാ എന്ന ചിത്രത്തിലൂടെ വന്‍ രീതിയിലുള്ള ജനപ്രീതി നേടാന്‍ അപര്‍ണക്കായി.
അപര്‍ണ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രത്തില്‍ നായകനായെത്തുന്നത് അര്ജുന് അശോകനാണ്. അര്ജുന് അശോകനെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ദാസ്. ജൂണ്‍ എന്ന ചിത്രത്തിന് ശേഷം താന്‍ അര്ജുന് അശോകന്റെ വലിയ ഫാനായി മാറിയെന്ന് അപര്‍ണ പറയുന്നു.
രണ്ട് സിനിമകള്‍ അര്ജുന് അശോകനോടൊപ്പം ചെയ്യാന്‍ അവസരമുണ്ടായിരുന്നു എങ്കിലും പല കാരണങ്ങള്‍ കൊണ്ട് അതെല്ലാം മുടങ്ങിപ്പോയെന്നും താരം കൂട്ടിച്ചേര്‍ത്തു. അവസാനം ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും അപര്‍ണ പറയുന്നു. സൈന സൗത്ത് പ്ലസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ദാസ്.
‘കെ.എഫ്.സിയില്‍ വെച്ചാണ് എനിക്ക് ഈ സിനിമയുടെ ഔട്ട് ലൈന്‍ പറഞ്ഞു തരുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് ഭയങ്കര ഇഷ്ടമായി. പിന്നെ എന്റെ ക്യാരക്ടറും എനിക്ക് ഇഷ്ടമായി. അതിന് ശേഷം അവരെന്നോട് പറഞ്ഞത് സിനിമയിലെ നായകന് അര്ജുന് അശോകന് ആണെന്നാണ്. സിനിമയില്‍ ആനന്ദായി എത്തുന്നത് അദ്ദേഹമാണെന്ന് പറഞ്ഞു.
സത്യത്തില്‍ ഞാന്‍ അര്‍ജുന്റെ വലിയൊരു ഫാനാണ്. ജൂണിന് ശേഷം എനിക്ക് വളരെ ഇഷ്ടമുള്ളൊരു ആക്ടറാണ് അദ്ദേഹം. ബിടെക്കും എനിക്ക് അദ്ദേഹത്തിന്റെ സിനിമകയില്‍ ഇഷ്ടമുള്ള ഒന്നാണ്. അര്‍ജുനെ ഞാന്‍ ഏറ്റവും കൂടുതല്‍ നോട്ട് ചെയ്യുന്നത് ജൂണ്‍ എന്ന സിനിമക്ക് ശേഷമാണ്.
അതിന് ശേഷം രണ്ട് സിനിമകള്‍ എനിക്ക് അര്‍ജുന്റെ കൂടെ ചെയ്യാന്‍ വേണ്ടി വന്നിരുന്നു. പക്ഷെ പല കാരണങ്ങള്‍ വന്ന് അതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എനിക്ക് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ അവസാനം വന്ന സിനിമയാണ് ആനന്ദ് ശ്രീബാല,’ അപര്‍ണ ദാസ് പറയുന്നു.
അര്ജുന് അശോകന്, അപര്‍ണ ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദ് ശ്രീബാല. ചിത്രം നവംബര്‍ 15ന് തിയേറ്ററുകളിലെത്തും.
Content Highlight: Aparna Das Talks About Arjun Ashokan