| Wednesday, 27th November 2024, 11:33 am

സൂര്യ സാര്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉദയനാണ് താരം സിനിമയിലെ സലിംകുമാറിന്റെ അവസ്ഥയായിരുന്നു എനിക്ക്: അപര്‍ണ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശനിലൂടെ സിനിമാജീവിതം ആരംഭിച്ച നടിയാണ് അപര്‍ണ ദാസ്. വിനീത് ശ്രീനിവാസന്‍ നായകനായ മനോഹരത്തിലൂടെ അപര്‍ണ ശ്രദ്ധേയയായി. നെല്‍സണ്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ ബീസ്റ്റിലൂടെ തമിഴിലും അപര്‍ണ തന്റെ സാന്നിധ്യമറിയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡാഡയിലും അപര്‍ണയുടെ പ്രകടനത്തെ പലരും പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

തമിഴ് താരം സൂര്യയെ നേരില്‍ കണ്ടതിന്റെ അനുഭവം പങ്കുവെക്കുകയാണ് അപര്‍ണ ദാസ്. കൊച്ചിയില്‍ കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സൂര്യ ലുലു മാളില്‍ എത്തിയപ്പോഴാണ് താന്‍ സൂര്യയെ കണ്ടതെന്ന് അപര്‍ണ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷനും അവിടെയുണ്ടായിരുന്നെന്നും സ്‌റ്റേജില്‍ കയറി സൂര്യയോട് സംസാരിക്കാന്‍ സാധിച്ചെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ഇവിടെ വന്നതില്‍ നന്ദിയുണ്ടെന്ന് സൂര്യ പറഞ്ഞപ്പോള്‍ ഉദയനാണ് താരത്തില്‍ സലിംകുമാര്‍ ചുറ്റും നോക്കി അഭിമാനത്തോടെ ഇരിക്കുന്ന അതേ അവസ്ഥയിലായിരുന്നു താനെന്ന് അപര്‍ണ പറഞ്ഞു. ആ ദിവസം ലുലുവില്‍ ഒരുഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് തങ്ങള്‍ പോയതെന്നും അത്രയും ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

സൂര്യയെ കാണാന്‍ നിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് തങ്ങള്‍ കാറുമായെത്തിയപ്പോള്‍ എല്ലാവരും അത് സൂര്യയാണെന്ന് വിചാരിച്ചെന്നും തന്നെ കണ്ടപ്പോള്‍ പലരും സൈലന്റായെന്നും അപര്‍ണ പറഞ്ഞു. തന്റെ കൂടെ വന്ന അഭിലാഷ് ബോഡിഗാര്‍ഡായി അഭിനയിച്ചാണ് ഉള്ളിലേക്ക് കടന്നതെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അപര്‍ണ ദാസ്.

‘സൂര്യ സാറിനെ നേരിട്ട് കണ്ട അനുഭവം ഒരിക്കലും മറക്കില്ല. അന്ന് ആനന്ദ് ശ്രീബാലയുടെ ചെറിയൊരു പ്രൊമോഷന്‍ പ്രോഗ്രാമും അവിടെയുണ്ടായിരുന്നു. അങ്ങനെയാണ് സാറിനെ കാണാന്‍ കഴിഞ്ഞത്. സ്‌റ്റേജില്‍ വെച്ച് സൂര്യ സാര്‍ ‘അപര്‍ണാ, താങ്ക് യൂ ഫോര്‍ കമിങ്’ എന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

ഉദയനാണ് താരം സിനിമയില്‍ സലിംകുമാറേട്ടന്‍ ഇരിക്കുന്നതുപോലെ ചുറ്റും നോക്കിയിട്ട് കുറച്ച് അഭിമാനത്തോടെ കസേരയില്‍ ഇരുന്നു. അന്ന് അവിടെയൊരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു പോയത്. സാര്‍ വരുന്നതിന് മുന്നേ അവിടെയെത്താം, തിരക്കാകുന്നതിന് മുന്നേ ഇറങ്ങാം എന്നൊക്കെയായിരുന്നു ചിന്ത.

മാളിലെത്തിയപ്പോള്‍ തൃശൂര്‍ പൂരത്തിനുള്ള ആള്‍ക്കാര്‍ അവിടെയുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ വരുന്നത് കണ്ട് അവിടെയുണ്ടായിരുന്നവര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. അവരുടെ വിചാരം കാറിനകത്ത് സൂര്യ സാര്‍ ആണെന്നായിരുന്നു. എന്നെ കണ്ടതും പലരും സൈലന്റായി. അന്ന് കൂടെയുണ്ടായിരുന്ന അഭിലാഷ് എന്റെ ബോഡിഗാര്‍ഡായി അഭിനയിച്ച് അകത്തേക്ക് കടന്നു,’ അപര്‍ണ ദാസ് പറഞ്ഞു.

Content Highlight: Aparna Das shares the experience when she met Suriya

We use cookies to give you the best possible experience. Learn more