ആദ്യമായി ഓഡിഷന് പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടി അപർണ ദാസ്. താൻ മസ്കറ്റിൽ വർക്ക് ചെയ്യുമ്പോഴാണ് മനോഹരം സിനിമയുടെ ഓഡിഷന് വരുന്നതെന്ന് അപർണ പറഞ്ഞു. സിനിമയുടെ പ്രീപ്രൊഡക്ഷൻ നടന്ന വീട്ടിൽ താൻ മസ്കറ്റിൽ നിന്നും നേരെ അങ്ങോട്ട് ഒറ്റക്കാണ് പോയിരുന്നതെന്നും അപർണ കൂട്ടിച്ചേർത്തു. അവിടെവെച്ച് സിനിമയുടെ സംവിധായകനെ തെറ്റിദ്ധരിച്ച അനുഭവവും അപർണ സിനിമാപ്രാന്ത ൻ യൂട്യൂബ് ചാനലിനോട് പറഞ്ഞു.
‘ഞാൻ മസ്കറ്റിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മനോഹരം സിനിമയുടെ ഓഡിഷന് വേണ്ടി പ്രീപ്രൊഡക്ഷൻ നടക്കുന്ന വീട്ടിലേക്ക് പോകുന്നത്. ഞാൻ ഒറ്റക്കാണ് പോയത്. ഡയറക്ടേഴ്സ്, പിന്നെ കുറച്ച് അസിസ്റ്റന്റുകൾ, അങ്ങനെ കുറേ ആണുങ്ങളാണ് വീട്ടിലുള്ളത്. എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. ദൈവമേ ഈ വീടൊക്കെ നല്ലതാണോ, ഇവരൊക്കെ കറക്റ്റ് ആയിട്ടുള്ള ആളുകളാണോ തുടങ്ങിയ ടെൻഷൻ ഉണ്ടായിരുന്നു.
മസ്കറ്റിൽ നിന്ന് നൈറ്റ് ഫ്ലൈറ്റ് ആയിരുന്നു, എന്നിട്ട് ഞാൻ ഡയറക്റ്റ് ഈ ഓഡിഷന് പോയി. രാവിലെ മുതൽ വൈകിട്ട് ആറുമണിവരെ തുടർച്ചയായിട്ട് ഓഡിഷൻ ആയിരുന്നു. ലഞ്ച് മാത്രം കഴിച്ചിട്ട് പിന്നെയും ഓഡിഷൻ. വൈകുന്നേരം ആയപ്പോൾ എനിക്ക് ഭയങ്കരമായ തലവേദന, മൈഗ്രേൻ വന്നു.
അപ്പോൾ എന്റെ അടുത്ത് ഈ സിനിമയുടെ ഡയറക്ടർ അൻവർ സാർ ‘എന്തുപറ്റി, അപർണക്ക് തലവേദന ഉണ്ടെങ്കിൽ റൂമിൽ റെസ്റ്റ് ചെയ്തോളൂ, ഈ റൂമിൽ ആരുമില്ല’ എന്ന് പറഞ്ഞു. അപ്പോൾ ഞാൻ എന്നെ റൂമിലേക്ക് വിളിക്കുന്നോ എന്നാണ് ചിന്തിച്ചത്. വേണ്ട സാർ, ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞു. പക്ഷെ സാർ എന്നോട് വീണ്ടും റെസ്റ്റ് ചെയ്തോളു, അവിടെ ആരുമില്ല, കുറച്ചുനേരം കിടക്കാം എന്നൊക്കെ പറഞ്ഞു.
അങ്ങനെ ഞാൻ പതുക്കെ റൂമിൽ പോയി. ക്യാമറ വല്ലോം ഉണ്ടോ എന്ന് നോക്കി. എന്നിട്ട് വേഗം വാതിൽ അടച്ച് ലോക്ക് ചെയ്തു. ബെഡിൽ ഇരുന്നിട്ട് എനിക്ക് ഇരിപ്പ് ഉറക്കുന്നില്ല. വേറെ ഒരു വീട്ടിൽ പോയി ബെഡിൽ ഇരിക്കുമ്പോൾ നമുക്ക് ഭയങ്കര ടെൻഷൻ അല്ലേ. ഞാൻ 5 മിനിട്ടിനുള്ളിൽ പുറത്തു വന്നിട്ട് എനിക്ക് കുഴപ്പമില്ല, പുറത്തിരിക്കാം എന്ന് പറഞ്ഞു. കുറെ കാലത്തിനു ശേഷം ഞാൻ അൻവർ സാറിനോട് പറഞ്ഞു അന്ന് ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു എന്ന്. ഇത്രയും പാവമായ ആളെയാണ് ഞാൻ തെറ്റിദ്ധരിച്ചത്,’ അപർണ പറഞ്ഞു.
Content Highlight: Aparna das shares her first movie’s audition