| Wednesday, 6th April 2022, 10:47 pm

ബീസ്റ്റിന്റെ സെറ്റില്‍ നിന്നും അന്ന് വിജയ് സാര്‍ റോള്‍സ് റോയിസില്‍ റൈഡിന് കൊണ്ടുപോയി; ഷൂട്ടിനിടയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് അപര്‍ണ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ബീസ്റ്റ്. ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നീ മലയാളി താരങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ് ചിത്രം.

ഷൂട്ടിനിടയില്‍ തന്റെ ബെര്‍ത്ത് ഡേ ആഘോഷിച്ച രസകരമായ അനുഭവം പറയുകയാണ് അപര്‍ണ. ആദ്യമായിട്ടാണ് ഇത്രയും ലെജന്ററി ആയിട്ടുള്ള ആളുകളോടൊപ്പം ബെര്‍ത്ത്‌ഡേ ആഘോഷിച്ചതെന്നും അന്നത്തെ ദിവസം വിജയ് സാര്‍ എല്ലാവരേയും കൂട്ടി റൈഡിന് പോയെന്നും അപര്‍ണാ ദാസ് പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

‘ബീസ്റ്റ് സെറ്റിലെ എല്ലാ ദിവസവും മനോഹരമായിരുന്നു. എന്റെ ബെര്‍ത്ത്‌ഡേ ബീസ്റ്റിന്റെ സെറ്റിലാണ് സെലിബ്രേറ്റ് ചെയ്തത്. കേക്ക് കട്ട് ചെയ്യാന്‍ വിജയ് സാറും പൂജയും, നെല്‍സണ്‍ സാറും ക്രൂ മുഴുവും ഉണ്ടായിരുന്നു.

ആദ്യമായിട്ടാണ് ഒരു സെറ്റില്‍ വെച്ച് എന്റെ ബെര്‍ത്ത്‌ഡേ ആഘോഷിക്കുന്നത്. അതും ഇത്രയും ലെജന്ററി ആയിട്ടുള്ള ആള്‍ക്കാരുടെ കൂടെ. അന്ന് ഞങ്ങളെല്ലാവരും വിജയ് സാറിന്റെ റോള്‍സ് റോയിസില്‍ ഒരു റൈഡ് പോയി.

വിജയ് സാര്‍ ഡ്രൈവ് ചെയ്തു. ഞാന്‍, നെല്‍സണ്‍ സാര്‍, മനോജ് സാര്‍, പൂജ, സതീശ് ഒക്കെയാണ് പോയത്. ശരിക്കും അത്രയും പേര്‍ ആ വണ്ടിയില്‍ കയറാന്‍ പാടില്ല. പക്ഷേ ഞങ്ങള്‍ തിക്കി തിരക്കി ഇരുന്നു. ഇതിനെക്കാള്‍ നല്ല ബെര്‍ത്ത്‌ഡേ എനിക്ക് കിട്ടുമോ എന്നാണ് ഞാന്‍ ചിന്തിച്ചത്.

സതീശ് തമിഴിലുള്ള ഏറ്റവും മികച്ച കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ്. അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പുള്ളി എല്ലാരോടും നന്നായി സംസാരിക്കും. അദ്ദേഹമാണ് വിജയ് സാറിനോട് റൈഡിന് കൊണ്ടുപോകുമോ എന്ന് ചോദിച്ചത്. അങ്ങനെ ഷൂട്ടിനിടയ്ക്ക് ഉച്ചയ്ക്ക് ഞങ്ങള്‍ പോയി,’ അപര്‍ണ പറഞ്ഞു.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്ലര്‍ നല്‍കുന്നത്.

മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍. നിര്‍മല്‍. ചെന്നൈയിലും ജോര്‍ജിയയിലുമായിട്ടായിരുന്നു സിനിമയുടെ പ്രധാന ചിത്രീകരണം.

Content Highlight: aparna das shares an experience with vijay in beast set

We use cookies to give you the best possible experience. Learn more