2018 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. അതിന് ശേഷം 2019 ല്‍ മനോഹരം എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായി അപര്‍ണ വീണ്ടും തിളങ്ങി.
തന്റെ മൂന്നാം ചിത്രത്തില്‍ തമിഴിലേക്ക് ചുവട് വെക്കുന്നതിനൊപ്പം വിജയ് നായകനാവുന്ന സിനിമയുടെ ഭാഗമാവുകയാണ് അപര്‍ണ.
ചിത്രത്തിലേക്ക് താന്‍ വന്നതെങ്ങനെയെന്ന് പറയുകയാണ് അപര്‍ണ. കൊവിഡിനിടക്ക് സിനിമയൊന്നുമില്ലാതിരിക്കുമ്പോള്‍ നെല്‍സണ്‍ സാറിന്റെ അസിസ്റ്റന്റ് വിളിക്കുകയായിരുന്നു എന്നും അതിന് ശേഷം നെല്‍സണ്‍ സാറിനെ പോയി കണ്ടെന്നും അപര്‍ണ പറഞ്ഞു.
‘മനോഹരം കഴിഞ്ഞ് പിന്നെ വേറെ സിനിമകളൊന്നും നടക്കുന്നില്ലായിരുന്നു. ഇടക്ക് ഒരു സിനിമ വന്നെങ്കിലും കൊറോണ കാരണം അത് പോയി. അതൊക്കെ ആലോചിച്ച് കുറച്ച് നാള്‍ വിഷമിച്ചു. ഇനി ഇതിനെ പറ്റി വിഷമിക്കാന്‍ വയ്യ എന്ന അവസ്ഥയിലിരിക്കുകയാണ്. പിന്നെ ആര്‍ക്കും സിനിമ ഇല്ല.
അങ്ങനെ ഒരു റസ്റ്റോറന്റില്‍ പോയി ഫുഡ് കഴിക്കുമ്പോഴാണ് ഒരു കോള്‍ വന്നത്. അത് നെല്‍സണ്‍ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ഭാര്‍ഗവിയായിരുന്നു. ഇങ്ങനെയൊരു പടം പ്ലാന്‍ ചെയ്യുന്നുണ്ട്. നെല്‍സണ്‍ സാറാണ് സംവിധാനം. വിജയ് സാറാണ് നായകന്‍. ഫോട്ടോ കണ്ട് വിളിച്ചതാണ്. കുറച്ചുകൂടി ഫോട്ടോസ് അയക്കണം എന്ന് പറഞ്ഞു.
ആദ്യം പറ്റിക്കാനാണോ എന്ന് ഞാന്‍ വിചാരിച്ചു. പിന്നെ പുള്ളിക്കാരീടെ സംസാരം നല്ല പ്രൊഫഷണലായിരുന്നു. അപ്പോള്‍ മനസിലായി ശരിക്കും വിളിച്ചതാണെന്ന്. പിന്നെ ഫോട്ടോസ് അയച്ചു. നെല്‍സണ്‍ സാറിനെ കണ്ടു. പിന്നെ ലുക്ക് ടെസ്റ്റിന് പോയി. പിന്നെ ഞാനും സിനിമയുടെ ഭാഗമായി,’ അപര്‍ണ പറഞ്ഞു,
വിജയ് യെ ആദ്യമായി കണ്ട അനുഭവവും അപര്‍ണ പങ്കുവെച്ചു.
‘സിനിമയുടെ പൂജയ്ക്ക് ഞാന്‍ പോയിരുന്നു. അന്നാണ് വിജയ് സാറിനെ ആദ്യമായി കാണുന്നത്. അന്ന് ജസ്റ്റ് ഹായ് പറഞ്ഞു. പിന്നെ ഷൂട്ട് തുടങ്ങിയ ദിവസവും വിജയ് സാര്‍ വന്നിരുന്നു. സാറിന് എന്നെ ഓര്‍മയുണ്ടായിരുന്നു എന്ന് തോന്നുന്നു. സാര്‍ എന്നെ നോക്കി ഹായ് കാണിച്ചു. ഞാന്‍ എക്‌സൈറ്റഡായി. പിന്നെ ഞാന്‍ സാറിനോട് പോയി സംസാരിച്ചു,’ അപര്‍ണ കൂട്ടിച്ചേര്‍ത്തു.
Content Highlight: aparna das says how she enters in to beast team