Entertainment
എന്നെയും ജോജു ചേട്ടനെയും കാണാൻ ആ തെലുങ്ക് ചിത്രത്തിലെ എല്ലാവരും വന്നു, അത്ഭുതം തോന്നി: അപർണ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 26, 01:09 pm
Tuesday, 26th November 2024, 6:39 pm

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ ദാസ്. മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി മികച്ച സിനിമകളില്‍ ഭാഗമാകാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ഡാഡാ എന്ന ചിത്രത്തിലൂടെ വന്‍ രീതിയിലുള്ള ജനപ്രീതി നേടാന്‍ അപര്‍ണക്കായി.

മലയാളത്തിൽ തനിക്കൊരു സൂപ്പർ ഹിറ്റ്‌ സിനിമ ഇല്ലെന്നും ഡാഡയാണ് സൂപ്പർ ഹിറ്റായ ഒരു സിനിമയെന്നും അപർണ പറയുന്നു. മറ്റ് ഭാഷയിലുള്ളവർക്ക് മലയാളി ആർട്ടിസ്റ്റുകളെ വലിയ ബഹുമാനമാണെന്നും അപർണ പറഞ്ഞു.

‘ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ എനിക്കൊരു സൂപ്പർ ഹിറ്റ്‌ സിനിമയില്ല. ഞാൻ അഭിനയിച്ച ഡാഡ എന്ന തമിഴ് ചിത്രം മാത്രമാണ് ഒരു സൂപ്പർ ഹിറ്റ്‌ സിനിമ. മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന കുറച്ച് കഥാപാത്രങ്ങൾ ചെയ്തു എന്നല്ലാതെ സൂപ്പർ ഹിറ്റ്‌ ഫിലിംസിന്റെ ഭാഗമായിട്ടില്ല ഞാൻ.

ഞാൻ പ്രകാശൻ വലിയ വിജയമായിരുന്നു. പക്ഷെ അതിൽ ചെറിയൊരു വേഷമാണ്. പക്ഷെ നമ്മൾ മലയാളത്തിൽ നിന്ന് പോകുന്ന അഭിനേതാവാണെന്ന് പറയുമ്പോൾ ബാക്കി ഇൻഡസ്ട്രിയിൽ നിന്നെല്ലാം വലിയ ബഹുമാനമാണ്.

ഞാൻ തെലുങ്കിൽ  ഒരു സിനിമ ചെയ്തിരുന്നു. അതിൽ ജോജു ചേട്ടനും ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരുമായിരുന്നു ആ സിനിമയിലെ മലയാളം ആർട്ടിസ്റ്റുകൾ. മലയാളത്തിൽ നിന്ന് ആർട്ടിസ്റ്റുകൾ വന്നുവെന്ന് പറഞ്ഞ് ആ ലൊക്കേഷനിലുള്ള എല്ലാവരും ഞങ്ങളെ കാണാൻ വന്നു.

മലയാളത്തിലെ അഭിനേതാക്കളോടുള്ള ബഹുമാനം വേറെയാണ്. അതുപോലെ തമിഴിൽ പോവുമ്പോഴും മലയാളത്തിൽ ഇപ്പോൾ ഇറങ്ങുന്ന മികച്ച സിനികളെ കുറിച്ചൊക്കെയാണ് അവർ പറയുക. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്ന് വരുന്ന ആർടിസ്റ്റുകൾക്കും വലിയ റെസ്‌പെക്ടാണ്,’അപർണ ദാസ് പറയുന്നു.

 

Content Highlight: Aparna Das About Malayalam cinema