ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
സിനിമയില്‍ തിരക്കുള്ള താരമായിരുന്നിട്ട് പോലും എന്തിന് താന്‍ ഒറ്റക്ക് ഷൂട്ടിങ്ങിന് പോകുന്നെന്ന് തന്റെ അമ്മയുടെ അടുത്ത് കുറേ പേര്‍ ചോദിക്കാറുണ്ടെന്ന് അപര്‍ണ ബാലമുരളി പറയുന്നു. നിങ്ങളുടെ മക്കളുടെ ജോലി സ്ഥലങ്ങളില്‍ നിങ്ങള്‍ പോയി ഇരിക്കാറുണ്ടോയെന്ന് തന്റെ അമ്മ അവരോടൊക്കെ തിരിച്ച് ചോദിക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു.
സിനിമയില്‍ വന്ന് ഇത്രയും വര്‍ഷമായിട്ടും എന്തുകൊണ്ടാണ് താന്‍ അഭിനേതാവായത് എന്നതിന് തന്റെ കയ്യില്‍ വ്യക്തമായ ഉത്തരമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഒരു അഭിനേതാവാണ് എന്നതില്‍ ഒരുപാട് അഭിമാനിക്കുന്നുണ്ടെന്നും സിനിമ എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ലെന്നും പറഞ്ഞ അപര്‍ണ, സിനിമ എന്നത് ഒരു യാത്രയാണെന്നും കൂട്ടിച്ചേര്‍ത്തു. രുധിരം സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.
‘എന്റെ പ്രൊഫഷനെ ചെറുതാക്കി കാണുന്ന പല അവസരങ്ങളും വന്നിട്ടുണ്ട്. ഇപ്പോള്‍ എന്റെ അമ്മയുടെ അടുത്ത് തന്നെ കുറെ പേര്‍ ചോദിച്ചിട്ടുണ്ട് മോളെ ഒറ്റക്കാണോ ഷൂട്ടിന് വിടുന്നത് നിങ്ങള്‍ കൂടെ പോകുന്നില്ലേയെന്നൊക്കെ. അപ്പോഴെല്ലാം എന്റെ അമ്മ അവരോട് ചോദിക്കാറുള്ളത് ‘നിങ്ങളുടെ മക്കളുടെ ഓഫീസില്‍ നിങ്ങള്‍ പോയിരിക്കുമോ ഇല്ലാലോ, അതുപോലെത്തന്നെ എന്റെ മകളും ജോലി ചെയ്യാന്‍ പോകുകയാണ്. അപ്പോള്‍ ഞാനും അവളുടെ കൂടെ പോയി ഇരിക്കേണ്ട ആവശ്യം ഇല്ലാലോ’ എന്നാണ്.
കാര്യം അത്രയും സിംപിള്‍ ആണ്. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. പക്ഷെ ഇപ്പോഴും ഞാന്‍ എന്തുകൊണ്ടാണ് ഒരു അഭിനേതാവായത് എന്നതിന് എന്റെ കയ്യില്‍ വ്യക്തമായ ഒരു ഉത്തരമില്ല. എന്തുകൊണ്ട് ഞാന്‍ ഈ പ്രൊഫഷനെ സ്നേഹിക്കുന്നു എന്നത് പലര്‍ക്കും മനസിലായിട്ടും ഇല്ല. ഞാന്‍ ഒരു അഭിനേതാവാണ് എന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരമല്ല. സിനിമ എന്ന് പറയുന്നത് ഒരു യാത്രയാണ്,’ അപര്‍ണ ബാലമുരളി പറയുന്നു.
Coontent Highlight: Aparna Balamurali Talks About Why She Likes Her Profession