|

എന്തുകൊണ്ട് അഭിനയം ഇഷ്ടപ്പെടുന്നു എന്നതിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്ത് അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് താന്‍ ഒരു അഭിനേതാവായത് എന്ന് ആളുകള്‍ ചോദിക്കുമ്പോള്‍ ഇതുവരെയും കൃത്യമായ ഒരു ഉത്തരം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി. രുധിരം സിനിമയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

‘എന്റെ പ്രൊഫഷനെ ചെറുതാക്കി കാണുന്ന പല അവസരങ്ങളും വന്നിട്ടുണ്ട്. ഇപ്പോള്‍ എന്റെ അമ്മയുടെ അടുത്ത് തന്നെ കുറെ പേര്‍ ചോദിച്ചിട്ടുണ്ട് മോളെ ഒറ്റക്കാണോ ഷൂട്ടിന് വിടുന്നത് നിങ്ങള്‍ കൂടെ പോകുന്നില്ലേയെന്നൊക്കെ. അപ്പോഴെല്ലാം എന്റെ അമ്മ അവരോട് ചോദിക്കാറുള്ളത് ‘നിങ്ങളുടെ മക്കളുടെ ഓഫീസില്‍ നിങ്ങള്‍ പോയിരിക്കുമോ ഇല്ലാലോ, അതുപോലെത്തന്നെ എന്റെ മകളും ജോലി ചെയ്യാന്‍ പോകുകയാണ്. അപ്പോള്‍ ഞാനും അവളുടെ കൂടെ പോയി ഇരിക്കേണ്ട ആവശ്യം ഇല്ലാലോ’ എന്നാണ്.

കാര്യം അത്രയും സിംപിള്‍ ആണ്. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. പക്ഷെ ഇപ്പോഴും ഞാന്‍ എന്തുകൊണ്ടാണ് ഒരു അഭിനേതാവായത് എന്നതിന് എന്റെ കയ്യില്‍ വ്യക്തമായ ഒരു ഉത്തരമില്ല. എന്തുകൊണ്ട് ഞാന്‍ ഈ പ്രൊഫഷനെ സ്‌നേഹിക്കുന്നു എന്നത് പലര്‍ക്കും മനസ്സിലായിട്ടും ഇല്ല. ഞാന്‍ ഒരു അഭിനേതാവാണ് എന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. അത് എല്ലാവര്‍ക്കും കിട്ടുന്ന ഒരു അവസരമല്ല. സിനിമ എന്ന് പറയുന്നത് ഒരു യാത്രയാണ്,’ അപര്‍ണ ബാലമുരളി പറയുന്നു.

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

Content Highlight: Aparna Balamurali Talks About Why She Likes acting