ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് 2022 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കാപ്പ. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാപ്പക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികാരണമാണ് ലഭിച്ചത്.
ആദ്യം മഞ്ജു വാര്യരെയായിരുന്നു ചിത്രത്തിലെ നായിക കൊട്ട പ്രമീളയായി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഡേറ്റിലെ പ്രശ്‌നങ്ങള്‍ കാരണം അപര്‍ണ ബാലമുരളി നായികയായി എത്തുകയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച കൊട്ട പ്രമീള എന്ന കഥാപാത്രവും അന്ന ബെന്‍ അവതരിപ്പിച്ച ബിനു എന്ന കഥാപാത്രവും നിരവധി ട്രോളുകള്‍ക്ക് വിധേയമാകുകയായിരുന്നു.
കൊട്ട പ്രമീളക്ക് നേരിട്ട ട്രോളുകളെക്കുറിച്ച് ക്ലബ് എഫ്.എം കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. ആദ്യമെല്ലാം ട്രോളുകള്‍ കാണുമ്പോള്‍ തനിക് വിഷമമാകാറുണ്ടായിരുന്നെന്നും ഇപ്പോഴും ആ പേരില്‍ ആളുകള്‍ തന്നെ കളിയാക്കാറുണ്ടെന്നും അപര്‍ണ പറയുന്നു.
കാപ്പ തനിക്ക് പ്രിയപ്പെട്ട സിനിമയാണെന്നും ആ ചിത്രത്തില്‍ വര്‍ക്ക് ചെയ്ത എക്സ്പീരിയന്‍സ് വളരെ നല്ലതായിരുന്നെനും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
‘ആ സിനിമയിലെ കൊട്ട പ്രമീളയുടെ ട്രോളുകള്‍ എല്ലാം ഇഷ്ടം പോലെ ഞാന്‍ കാണാറുണ്ടായിരുന്നു. ആളുകള്‍ അതും പറഞ്ഞു എന്നെ കളിയാക്കാറുണ്ട്. സെറ്റിലെല്ലാം പോകുമ്പോള്‍ ഇപ്പോഴും അതും പറഞ്ഞെന്നെ കളിയാക്കാറുണ്ട്.
ആദ്യമൊക്കെ ആ സിനിമയുടെ പേരിലുള്ള കളിയാക്കലുകളും ആ കഥാപാത്രത്തിന്റെ പേരിലുള്ള കളിയാക്കലുമെല്ലാം കേള്‍ക്കുമ്പോള്‍ എന്തോപോലെ ആയിരുന്നു. ചെറിയ വിഷമമെല്ലാം തോന്നുമായിരുന്നു. പിന്നെ പിന്നെ അത് കാര്യമാക്കാതെയായി. ട്രോളുകള്‍ ഇപ്പോള്‍ മൈന്‍ഡ് ആക്കാറില്ല.
എനിക്ക് ആ സിനിമ വളരെ സ്‌പെഷ്യല്‍ ആണ്. അത് വേറൊരു ലോകമല്ലേ. ഞാന്‍ വളര്‍ന്നു വന്നപ്പോള്‍ കണ്ട സിനിമകള്‍ സംവിധാനം ചെയ്ത ആളുടെ കൂടെ വര്‍ക്ക് ചെയ്യുക, രാജു ചേട്ടനെ പോലെ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുക എന്ന് പറഞ്ഞാല്‍ അതൊക്കെ വളരെ നല്ല കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ആ എക്‌സ്പീരിയന്‍സ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ജോമോന്‍ ചേട്ടനായിരുന്നു ക്യാമറ. ഷാജി ചേട്ടനും ജോമോന്‍ ചേട്ടനുമായുള്ള കോമ്പിനേഷന്‍ തന്നെ നല്ല രസമായിരുന്നു. ആ സിനിമയില്‍ വര്‍ക്ക് ചെയ്തത് തന്നെ നല്ല അനുഭവമായിരുന്നു,’ അപര്‍ണ പറയുന്നു.
Content Highlight: Aparna Balamurali Talks About Trolls She Faced By Playing The Character of Kotta Prameela In Kaapa