|

സെന്‍സിബിളല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ദേഷ്യം വരും, തിരിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ; ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണ്: അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ പ്രൊമോഷന് വേണ്ടി ഓണ്‍ലൈനടക്കമുള്ള മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍ സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതിനെതിരെ നടി അപര്‍ണ ബാലമുരളി.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മീഡിയകള്‍ അഭിമുഖങ്ങളില്‍ പേഴ്‌സണല്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ട എന്ന് അഭിപ്രായം തന്നെയാണോ ഉള്ളത്, എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ഉറപ്പായിട്ടും. കാരണം നമ്മള്‍ ഒരു സിനിമയെ പറ്റി സംസാരിക്കാന്‍ വന്നാല്‍ എന്റെ ഫിലിം ജേണിയെ കുറിച്ചും ആ സിനിമക്ക് വേണ്ടി ഞാനെടുത്ത സ്ട്രഗിളുകളെ കുറിച്ച് സംസാരിക്കാനുമാണ് താല്‍പര്യം.

അതിനുമപ്പുറം കൂടുതല്‍ പേഴ്‌സണലായ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒട്ടും സെന്‍സിബിളല്ലാത്ത ചോദ്യങ്ങള്‍ അഭിമുഖങ്ങളില്‍ വരുമ്പോള്‍ നമുക്ക് സത്യം പറഞ്ഞാല്‍ നല്ലോണം ദേഷ്യം വരും. പക്ഷെ ഒന്നും പറയാന്‍ പറ്റില്ല.

ചിലര്‍ ഒട്ടും റിസര്‍ച് ചെയ്യാതെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നിയിട്ടുണ്ട്. ദേഷ്യത്തേക്കാളും, ഇവിടെ ഇരിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണെന്ന് തോന്നിയിട്ടുണ്ട്.

അങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഞാന്‍ എതിരാണ്. കുറേക്കൂടി തയ്യാറെടുപ്പ് നടത്തി, സിനിമയായി റിലേറ്റ് ചെയ്ത ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് ആള്‍ക്കാരെ അത് എക്‌സൈറ്റ് ചെയ്യിക്കുക. എന്നെ സംബന്ധിച്ച് സിനിമയായോ അവാര്‍ഡായോ ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് പറയാന്‍ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്,” അപര്‍ണ പറഞ്ഞു.

നേരത്തെ, ഫില്‍മിബീറ്റിന് നല്‍കിയ ഒരു അഭിമുഖത്തിലും ചില ഓണ്‍ലൈന്‍ മീഡിയകളിലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയതിനെക്കുറിച്ച് അപര്‍ണ സംസാരിച്ചിരുന്നു.

”ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ ന്യൂസ് വരുമ്പോഴുള്ള ചില ക്യാപ്ഷനുകള്‍ എന്നില്‍ ഭയങ്കര വേദനയുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റുന്ന രീതിയില്‍ ടൈറ്റില്‍ ഇടുന്നതെന്ന് ചിന്തിക്കാറുണ്ട്.

ചാനലുകള്‍ നല്ല ടൈറ്റിലില്‍ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അത് പോസ്റ്റ് ചെയ്യുന്നതായിരിക്കും. അതല്ലാതെ വെറും അറ്റന്‍ഷന്‍ പിടിച്ച് വാങ്ങുന്ന രീതിയിലുള്ള ടൈറ്റില്‍ മാത്രമാണ് ഇവര്‍ ഇടുന്നത്. അത്തരം തലക്കെട്ട് കാണുമ്പോള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും തോന്നും.

എന്നോട് ഒരിക്കല്‍ ആരോടെങ്കിലും ക്രഷ് ഉണ്ടോയെന്ന് എനിക്ക് അവാര്‍ഡ് കിട്ടിയതിന്റെ തലേ ദിവസത്തെ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ആ ഒരു സാഹചര്യത്തില്‍ അപ്രധാനമായ ചോദ്യം എന്തിനാണെന്ന് പോലും മനസിലായില്ല. ഇതുപോലുള്ള അനുഭവങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ചിലത് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതാണ്,” എന്നായിരുന്നു അപര്‍ണ പറഞ്ഞത്.

അതേസമയം, സുധീഷ് രാമചന്ദ്രന്‍ ആദ്യമായി ഇന്‍ഡിപെന്‍ഡന്‍ഡ് സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയാണ് അപര്‍ണയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ സിദ്ധാര്‍ഥ് മേനോനാണ് നായകനായി എത്തുന്നത്.

Content Highlight: Aparna Balamurali talks about the questions being asked in movie promotion interviews