ആസിഫ് അലി ചിത്രത്തില്‍ കണ്ട ചിലത് ഒറിജിനലല്ല; സിനിമയല്ലേ, എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ല: അപര്‍ണ ബാലമുരളി
Entertainment
ആസിഫ് അലി ചിത്രത്തില്‍ കണ്ട ചിലത് ഒറിജിനലല്ല; സിനിമയല്ലേ, എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ല: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th September 2024, 10:45 pm

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ ഈ സിനിമയില്‍ അപര്‍ണ ബാലമുരളിയും ആസിഫ് അലിയുമായിരുന്നു നായികാനായകന്മാരായത്.

ഇപ്പോള്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് അപര്‍ണ. ആ ലൊക്കേഷന്‍ സിനിമയുടെ ഒരു പ്രത്യേകതയാണെന്നും അത് വളരെ രസകരമായി സിനിമയില്‍ വര്‍ക്കായിട്ടുണ്ടെന്നും നടി പറയുന്നു. ട്രെയ്‌ലറില്‍ കണ്ട കുരങ്ങന്മാര്‍ ഒറിജിനലാണോയെന്ന ചോദ്യത്തിനും അപര്‍ണ മറുപടി നല്‍കി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.

‘കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ ട്രെയ്‌ലറിലൊക്കെ കുരങ്ങിനെ കാണുന്നുണ്ടല്ലോ. അതുകൊണ്ടാണ് സിനിമയുടെ പേരില്‍ എ ടെയില്‍ ഓഫ് ത്രീ വൈസ് മങ്കീസ് എന്നും നല്‍കിയത്. ട്രെയ്‌ലറില്‍ പറയുന്നത് പോലെ ഹനുമാനും സുഗ്രീവനും ഒഴിച്ച് ബാക്കിയെല്ലാ വാനരപ്പടയും അവിടെയുണ്ട്. അത് ആ സ്ഥലത്തിന്റെ പ്രത്യേകതയാണ്.

ആ ലൊക്കേഷന്‍ സിനിമയുടെ ഒരു പ്രത്യേകതയാണ്. അത് വളരെ രസകരമായി ആ സിനിമയില്‍ വര്‍ക്കായിട്ടുണ്ട് എന്നതാണ് കാര്യം. സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ ലൊക്കേഷന്‍ തന്നെയാണ്. ആ സിനിമയിലെ സുഗ്രീവന്‍ ആരാണെന്ന് ചോദിച്ചാല്‍, അങ്ങനെ ആര്‍ക്കും നമ്മള്‍ ഒരു ടാഗ് കൊടുത്തിട്ടില്ല എന്നതാണ് സത്യം.

ത്രീ വൈസ് മങ്കീസ് എന്ന് പറയുന്നുണ്ടെന്നേയുള്ളൂ. പക്ഷെ ഇപ്പോഴും ഞങ്ങളില്‍ ആരാണ് മങ്കീസ് എന്നത് ഞങ്ങളുടെ തര്‍ക്കത്തില്‍ വരാറുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഞാന്‍ ഈ സിനിമയുടെ കഥ കേള്‍ക്കുന്നത്. ബാഹുലേട്ടനും ദിന്‍ജിത്തേട്ടനും വന്നിട്ടാണ് കഥ പറഞ്ഞത്. കഥ കേട്ടയുടനെ ഞാന്‍ യെസ് പറയുകയായിരുന്നു.

അത്രയും കിടിലനായിട്ടായിരുന്നു ബാഹുലേട്ടന്‍ ആ കഥ നരേറ്റ് ചെയ്തത്. നമ്മള്‍ കണ്ടിട്ടില്ലാത്ത കുറേ എലമെന്റ്‌സ് ആ സിനിമയിലുണ്ട്. ട്രെയ്‌ലറില്‍ കണ്ട കുരങ്ങന്മാര്‍ ഒറിജിനലാണോയെന്ന് ചോദിച്ചാല്‍, ചിലത് ഒറിജിനലല്ല. സിനിമയല്ലേ, എല്ലാം ഒറിജിനലാക്കാന്‍ പറ്റില്ല (ചിരി). വല്ല മാന്തോ കടിയോ കിട്ടി കഴിഞ്ഞാല്‍ ഒരു സുഖമുണ്ടാകില്ല,’ അപര്‍ണ ബാലമുരളി പറഞ്ഞു.


Content Highlight: Aparna Balamurali Talks About The Monkeys In Kishkindha Kaandam Movie