| Monday, 29th August 2022, 11:20 am

'പടം കണ്ടു, അപര്‍ണ അടിപൊളിയായിട്ടുണ്ട്'; ഇപ്പോഴും എല്ലാ ആഴ്ചയും ഒരാളെങ്കിലും ഈ സിനിമയെ കുറിച്ച് പറയും: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയതാരം അപര്‍ണ ബാലമുരളി. സുധ കൊങ്കര സംവിധാനം ചെയ്ത് സൂര്യ നായകനായ തമിഴ് ചിത്രം ‘സൂററൈ പോട്രി’ ലെ അഭിനയത്തിനായിരുന്നു അപര്‍ണക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

2016ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയില്‍ അരങ്ങേറിയ അപര്‍ണ പിന്നീട്, ഒരു മുത്തശ്ശി ഗഥ, കാമുകി, ബി.ടെക് തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ജിസ് ജോയിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനായെത്തിയ സണ്‍ഡേ ഹോളിഡേയിലെ അപര്‍ണയുടെ കഥാപാത്രമായ അനുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും ആളുകള്‍ തന്റെയടുത്ത് സണ്‍ഡേ ഹോളിഡേയെ കുറിച്ച് സംസാരിക്കാറുണ്ടെന്നും സിനിമയും കഥാപാത്രവും ഏറെ ഇഷ്ടപ്പെട്ടെന്ന് പറയാറുണ്ടെന്നുമാണ് അപര്‍ണ പറയുന്നത്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”നമ്മള്‍ പോലും അറിയാതെ കുറേപ്പേര്‍ നമ്മളെ കുറിച്ച് നല്ലത് വിചാരിക്കുക, എന്ന് പറഞ്ഞാല്‍ വലിയൊരു കാര്യമാണ്. ഇപ്പോഴും ‘സണ്‍ഡേ ഹോളിഡേ’ ഒക്കെ കണ്ടിട്ട് ഒരുപാട് പേര്‍ എന്നോട് പറയാറുണ്ട്, ‘വീട്ടില്‍ എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടപ്പെട്ടു’ എന്നെല്ലാം.

എല്ലാ ആഴ്ചയും കുറഞ്ഞത് ഒരാളെങ്കിലും പറയും, ‘സണ്‍ഡേ ഹോളിഡേ കണ്ടു, അപര്‍ണ അടിപൊളിയായി എന്നൊക്കെ’,” താരം പറയുന്നു.

പുറത്ത് പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിയാറുണ്ടോ എന്ന ചോദ്യത്തിനും അപര്‍ണ മറുപടി പറയുന്നുണ്ട്. ”നല്ലോണം തിരിച്ചറിയും. മാസ്‌ക് ഇടുമ്പോള്‍ ആര്‍ക്കും മനസിലാകില്ല, എന്ന് നമ്മള്‍ വിചാരിക്കും. പക്ഷെ, മാസ്‌ക് ഇട്ടാലും എല്ലാവരും തിരിച്ചറിയും.

അത് ഒരുതരത്തില്‍ സന്തോഷമാണ്. പക്ഷെ ചിലപ്പോള്‍ സ്വകാര്യമായി ഒരു സ്ഥലത്ത് ഇരിക്കണം എന്ന് തോന്നുമ്പോള്‍, അത് പറ്റാതെ വരുമ്പോള്‍ ചെറിയ സങ്കടം തോന്നാറുണ്ട്,” അപര്‍ണ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫെഫ്കക്ക് വേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് അപര്‍ണ ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍.

സുന്ദരി ഗാര്‍ഡന്‍സ്, മിണ്ടിയും പറഞ്ഞും, എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങിയിരിക്കുന്നത്. ബിജു മേനോനൊപ്പമുള്ള തങ്കം, ഇനി ഉത്തരം എന്നിവയാണ് അപര്‍ണ ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.

Content Highlight: Aparna Balamurali talks about the appreciation she still gets for the movie Sunday Holiday

We use cookies to give you the best possible experience. Learn more