മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ശ്യാം പുഷ്‌കരന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസി’ എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയാകുന്നത്.
മഹേഷിന്റെ പ്രതികാരത്തിന്റെ അതേ ടീമിന്റെ മറ്റൊരു സിനിമയായിരുന്നു തങ്കം. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ചിത്രം നിര്‍മിച്ചത് ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്നായിരുന്നു.
സിനിമാ ജീവിതത്തില്‍ തന്നെ ഏറ്റവും സ്വാധീനിച്ചവരാണ് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനുമെന്ന് പറയുകയാണ് അപര്‍ണ ബാലമുരളി. അതുകൊണ്ടാണ് അവര്‍ വിളിച്ചപ്പോള്‍ തങ്കം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും നടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
‘എനിക്ക് ശ്യാമേട്ടന്‍ ആ സിനിമയുടെ കഥ പറഞ്ഞു തരികയായിരുന്നു. തങ്കം ഷൂട്ട് ചെയ്യുന്നതിന്റെ കുറേനാള്‍ മുമ്പായിരുന്നു ഞാന്‍ കഥ കേട്ടത്. കൊവിഡിനും മുമ്പായിരുന്നു കേട്ടത്. അന്നേ കമ്മിറ്റ് ചെയ്തിരുന്നു. കഥയുടെ ചുരുക്കം മൊത്തം കേള്‍ക്കുകയായിരുന്നു.
മഹേഷിന്റെ പ്രതികാരമാണെങ്കിലും തങ്കമാണെങ്കിലും അവരുടെ വര്‍ക്കിങ് പാറ്റേണ്‍ വേറെ തന്നെയായിരുന്നു. എല്ലാം ആദ്യമേ തന്നെ ഫിക്‌സ്ഡ് ആയിരുന്നില്ല. നമുക്ക് അപ്പോള്‍ ആ സിറ്റുവേഷനില്‍ കുറച്ചുകൂടി യോജിച്ച ഡയലോഗ് വേണമെങ്കില്‍ കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. അത്തരത്തിലായിരുന്നു അവരുടെ പാറ്റേണ്‍.
തങ്കത്തിലും അങ്ങനെ തന്നെയായിരുന്നു. അതിന്റെ കഥ വളരെ ഇന്‍ട്രസ്റ്റിങ്ങായിരുന്നു. എന്നാല്‍ ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ കഥക്കും കഥാപാത്രത്തിനും അപ്പുറത്തേക്ക് നോക്കുന്ന ചില കാര്യങ്ങളുണ്ട്. സിനിമാജീവിതത്തില്‍ എന്നെ ഏറ്റവും ഇന്‍ഫ്‌ളുവന്‍സ് ചെയ്തത് ദിലീഷേട്ടനും ശ്യാമേട്ടനും ഉണ്ണിമായ ചേച്ചിയുമൊക്കെയാണ്.
അതുകൊണ്ട് അവര്‍ അങ്ങനെയൊരു കഥാപാത്രത്തിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ പോകും. എനിക്ക് അവരോട് അത്രയും നന്ദിയും കടപ്പാടുമുണ്ട്. അത് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ് (ചിരി). അതിനേക്കാള്‍ അപ്പുറത്തേക്ക് ഫാമിലിയെന്ന ഒരു ഫീലുണ്ട്. കാരണം മഹേഷിന്റെ പ്രതികാരം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമയില്‍ ഇത്രദൂരം എത്തില്ലായിരുന്നു,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali Talks About Thankam Movie