കിരണിന്റെ കഥയില്‍ ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സണ്‍ഡേ ഹോളിഡേ. ആസിഫ് അലി, അപര്‍ണ ബാലമുരളി, ശ്രീനിവാസന്‍, ലാല്‍ ജോസ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേ സമയം മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് കഴിഞ്ഞു.
കഥ പറയുന്നത് ഒരു കലായാണെന്നും സംവിധായകന്‍ ജിസ് ജോയ് വന്ന് കഥ പറഞ്ഞ ഉടനെ ചെയ്യാമെന്ന് തീരുമാനിച്ച സിനിമയാണ് സണ്‍ഡേ ഹോളിഡേ എന്നും അപര്‍ണ പറയുന്നു.
ധനുഷ് സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് അഭിനേതാക്കള്‍ സ്‌ക്രിപ്റ്റ് അധികം മനഃപാഠമാക്കുന്നത് ഇഷ്ടമല്ലെന്നും എന്നാല്‍ സുധ കൊങ്കാര സംവിധാനം ചെയ്യുമ്പോള്‍ അവര്‍ക്ക് അഭിനേതാക്കള്‍ സ്‌ക്രിപ്‌റ്റെല്ലാം വായിച്ച് വളരെ തയ്യാറായി ഇരിക്കുന്നതാണ് ഇഷ്ടമെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. അതെല്ലാം സംവിധായകരെ അനുസരിച്ചാണെന്നു അവര്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി.
‘സുധ മാമിന് വളരെ പ്രിപറേഷന്‍ ആവശ്യമായിരുന്നു, എന്നാല്‍ ധനുഷ് സാറിന് അത് ആവശ്യമില്ലായിരുന്നു. അദ്ദേഹം പറയുന്നത് ആ സന്ദര്‍ഭത്തിനനുസരിച്ച് നമുക്ക് ചെയ്യാന്‍ കഴിയണം എന്നുള്ളതുകൊണ്ട് എന്തെങ്കിലും ഒന്ന് മനസില്‍ പതിഞ്ഞു കഴിഞ്ഞാല്‍ അത് മാറ്റാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ എന്നാണ്, പ്രത്യേകിച്ച് ഞാനെല്ലാം തമിഴ് അറിയുമെങ്കിലും ഗ്രാമര്‍ മിസ്റ്റേക്ക് ഒന്നും വരാതിരിക്കാന്‍ വേണ്ടി തമിഴിലുള്ള ഡയലോഗുകളെല്ലാം മനഃപാഠമാകും. ആ സമയത്ത് പെട്ടന്നൊന്നും പറയാന്‍ പറ്റി എന്ന് വരില്ല.
എല്ലാം അതിന്റെ സംവിധായകരെ അനുസരിച്ചായിരിക്കും. എനിക്ക് സംവിധായകര്‍ കഥ പറഞ്ഞു തരുന്നതാണ് സ്‌ക്രിപ്റ്റ് വായിക്കുന്നതിനേക്കാള്‍ കൂടുതലിഷ്ടം. എന്റെ അച്ഛന്‍ എനിക്ക് കഥകള്‍ പറഞ്ഞു തരും അതുകൊണ്ട് തന്നെ കഥ കേള്‍ക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. കഥ പറഞ്ഞു തരുന്നത് തന്നെ വേറൊരു ഫീലാണ്.
സണ്‍ഡേ ഹോളിഡേ ഞാന്‍ അങ്ങനെ ചെയ്ത സിനിമയാണ്. ജിസ് ജോയ് ചേട്ടന്‍ എന്റടുത്ത് വന്നു കഥ പറഞ്ഞു. അപ്പോള്‍ തന്നെ കഥ എനിക്ക് ഭയങ്കര ഇഷ്ട്ടമായിട്ട് ഞാന്‍ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ആ കഥ പറയുന്ന രീതിയില്‍ തന്നെ ഒരു രസമുണ്ടായിരുന്നു, അതൊരു കലയാണ്,’ അപര്‍ണ ബാലമുരളി പറയുന്നു.