Entertainment
ആ ഹിറ്റ് സിനിമയിലേക്ക് വിളിക്കുന്നത് സൂരറൈ പോട്ര് കണ്ടിട്ടല്ല; ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കി: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 07, 02:34 am
Saturday, 7th December 2024, 8:04 am

സുധ കൊങ്കാരയുടെ സംവിധാനത്തില്‍ 2020ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് സൂരറൈ പോട്ര്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്. അപര്‍ണ ബാലമുരളി – സൂര്യ എന്നിവര്‍ ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു സൂരറൈ പോട്ര്.

ചിത്രത്തിലെ അഭിനയത്തിന് അപര്‍ണ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. സൂരറൈ പോട്ര് വേറെ തന്നെയൊരു സിനിമയാണെന്നും അത് തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും പറയുകയാണ് അപര്‍ണ ബാലമുരളി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

എല്ലാം കൊണ്ടും ആ സിനിമ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും പക്ഷെ അത് കാരണമാണ് പിന്നീടുള്ള സിനിമകള്‍ വന്നതെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും നടി പറയുന്നു. ചില സിനിമകളില്‍ മഹേഷിന്റെ പ്രതികാരം കണ്ട് വിളിക്കാറുണ്ടെന്നും രായന്‍ എന്ന സിനിമ സൂരറൈ പോട്രിന്റെ അടിസ്ഥാനത്തില്‍ വന്നതല്ലെന്നും അപര്‍ണ പറഞ്ഞു.

സൂരറൈ പോട്ര് വേറെ തന്നെയൊരു സിനിമയാണ്. അത് എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റമുണ്ടാക്കിയിട്ടുണ്ട്. എനിക്ക് സിനിമയോടുള്ള സമീപനം മാറി. അവാര്‍ഡ് ലഭിച്ചു. ആ സിനിമയില്‍ വര്‍ക്ക് ചെയ്ത രീതി വളരെ വ്യത്യസ്തമായിരുന്നു. എല്ലാം കൊണ്ടും സൂരറൈ പോട്ര് എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

പക്ഷെ അത് കാരണമാണ് ബാക്കിയുള്ള പടങ്ങള്‍ വന്നതെന്ന് എനിക്ക് തോന്നിയിട്ടില്ല. രായന്‍ ഉള്‍പ്പെടെയുള്ള ഏത് സിനിമയാണെങ്കിലും, ഞാന്‍ സൂരറൈ പോട്രില്‍ അഭിനയിച്ചത് കൊണ്ടല്ല എന്നെ അതില്‍ കാസ്റ്റ് ചെയ്തത്. സൂരറൈ പോട്രിന്റെ വിജയം എനിക്ക് ഏറെ സന്തോഷം നല്‍കിയ കാര്യം തന്നെയാണ്.

എന്നാല്‍ ആ സിനിമ കണ്ടത് കൊണ്ടല്ല മറ്റ് സിനിമകളില്‍ കാസ്റ്റ് ചെയ്തത്. അങ്ങനെ കാസ്റ്റ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷെ പ്രീ ജഡ്ജ്‌മെന്റ് ഇല്ലാതെ ഒരു സിനിമയിലേക്ക് വിളിക്കുന്നത് കാണുമ്പോഴാണ് നമുക്ക് സന്തോഷമാകുന്നത്. ചില സമയത്ത് മഹേഷിന്റെ പ്രതികാരം കണ്ടിട്ടാകും വിളിക്കുന്നത്.

രായന്‍ എനിക്ക് സൂരറൈ പോട്രിന്റെ അടിസ്ഥാനത്തില്‍ വന്നതല്ല. പക്ഷെ ആ സിനിമ എന്റെ ജീവിതത്തില്‍ നല്ല കുറേ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഞാന്‍ സുധ മേമിനോട് എപ്പോഴും നന്ദിയുള്ള ആളാകും,’ അപര്‍ണ ബാലമുരളി പറയുന്നു.


Content Highlight: Aparna Balamurali Talks About Soorarai Pottru And Raayan Movie