Entertainment news
ഞാന് ബോള്‍ഡായിട്ടുള്ള ഒരാളാണ്, എന്നാല്‍ വെറുതെ തല്ലും വഴക്കും ഉണ്ടാക്കാറില്ല: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 17, 11:24 am
Saturday, 17th December 2022, 4:54 pm

താന്‍ ചെയ്തതില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയാണെന്ന് നടി അപര്‍ണ ബാലമുരളി. തന്റെ ജീവിതത്തിലുണ്ടായ എല്ലാ നേട്ടങ്ങള്‍ക്കും കാരണം ആ കഥാപാതരമാണെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ലെന്നും, അവിടെ വരുന്ന ചില കമന്റുകള്‍ വിഷമിപ്പിക്കാറുണ്ടെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞത്.

‘ജിംസിയില്ലെങ്കില്‍ ഇന്നെനിക്ക് ഇതുപോലെ ഇവിടെയിരിക്കാന്‍ കഴിയില്ലായിരുന്നു. ഇപ്പോഴും എന്റെ ഒരു റെഫറന്‍സ് മൂവിയായിട്ട് ഞാന്‍ കൊടുക്കുന്നത് മഹേഷിന്റെ പ്രതികാരം തന്നെയാണ്. ഞാന്‍ വളരെ അഭിമാനത്തോടെയാണ് ആ സിനിമയെ കാണുന്നത്.

എന്റെ ജീവിതത്തിന് വന്നിരിക്കുന്ന എല്ലാ വിജയങ്ങളുടെയും കാരണം ആ സിനിമയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമ അത് തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവായിട്ടുള്ള ഒരാളല്ല ഞാന്‍. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്നല്ലാതെ മറ്റ് ബഹളങ്ങളൊന്നും ഞാന്‍ ഉണ്ടാക്കാറില്ല.

സത്യം പറഞ്ഞാല്‍ ഒരു സമയത്ത് ഞാന്‍ ഫോട്ടോ പോലും പോസ്റ്റ് ചെയ്യില്ലായിരുന്നു. വെറുതെ അക്കൗണ്ടില്‍ കയറും ചെക്ക് ചെയ്യും ഇറങ്ങിപ്പോരും അതായിരുന്നു അന്നത്തെ അവസ്ഥ. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റ്‌സ് ഒന്നും ഞാന്‍ അത്ര കാര്യമാക്കാറില്ല.

ചിലപ്പോള്‍ അതൊക്കെ കാണുമ്പോള്‍ ഞാന്‍ വായിച്ച് നോക്കാറുണ്ട്. കുറച്ച് നേരം ഞാനിരുന്ന് ചിന്തിക്കും എന്തിനായിരിക്കും അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന്. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ ഞാന്‍ സ്വയം അത് വിട്ട് കളയും. ഒരുപാട് സോഷ്യല്‍ മീഡിയ ആക്രമണം ഒന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

എന്നെ കുറിച്ച് തന്നെ പറയണമെന്നില്ല എനിക്ക് അറിയാവുന്ന ആരെ പറ്റി മോശം കാര്യങ്ങള്‍ പറഞ്ഞാലും അത് ഒരുപാട് ആളുകളെ ബാധിക്കാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് സങ്കടം തോന്നാറുണ്ട്.

ബോള്‍ഡായിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ ചുമ്മാ പോയി തല്ലും വഴക്കും ഉണ്ടാക്കുന്നയാളുമല്ല. എന്റെ പരിധി വിട്ടാല്‍ പിന്നെ ഭയങ്കരമായി ദേഷ്യം വരുന്നയാളാണ് ഞാന്‍. ആ ദേഷ്യം ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഒരു പരിധി വരെ നന്നായി ഷെമിക്കുന്നയാളാണ് ഞാന്‍. ഞാന്‍ ചെയ്ത കഥാപാത്രങ്ങളില്‍ എന്റെ വ്യക്തിത്വത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് ജിംസിയാണ്,’ അപര്‍ണ ബാലമുരളി പറഞ്ഞു.

ചാര്‍ളി ഡേവിസിന്റെ സംവിധാനത്തില്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങിയ സുന്ദരി ഗാര്‍ഡന്‍സാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയില്‍ നീരജ് മാധവ്, ബിനു പപ്പു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

content highlight: aparna balamurali talks about social media