ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്ത് അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രുധിരം. പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ ശ്രദ്ധേയനായ രാജ് ബി. ഷെട്ടിയും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
രുധിരം എന്ന ചിത്രത്തിന് വേണ്ടി സ്റ്റണ്ട് പ്രാക്റ്റീസ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. സ്റ്റണ്ടിന്റെ ട്രെയിനിങ് തനിക്കുണ്ടായിരുന്നെന്നും അതിന്റെ പ്രാക്ടീസ് നടത്തിയത് അച്ഛന്റെ അടുത്തായിരുന്നെന്നും അപര്‍ണ പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.
‘ഈ ചിത്രത്തില്‍ എനിക്ക് സ്റ്റണ്ടിന് കുറച്ച് പ്രാക്റ്റീസ് എല്ലാം ഉണ്ടായിരുന്നു. ട്രെയിനിങ് എല്ലാം ഉണ്ടായിരുന്നു. അത് വരെ എനിക്ക് വീട്ടില്‍ അടിയുണ്ടാക്കിയിട്ടുള്ള ശീലം മാത്രമേ ഉണ്ടായിരുന്നുള്ളു (ചിരി). ഞാന്‍ ആദ്യത്തെ സ്റ്റണ്ട് പ്രാക്റ്റീസ് ചെയ്തത് എന്റെ അച്ഛന്റെ നെഞ്ചത്താണ്. അച്ഛാ ഒന്ന് വന്നേ, ആദ്യം വീട്ടില്‍ നിന്ന് പഠിച്ച് പോയിട്ട് പിന്നെ വേറെ ചെയ്യാമല്ലോ എന്ന് പറഞ്ഞ് അച്ഛന്റെ അടുത്താണ് ഞാന്‍ പ്രാക്റ്റീസ് ചെയ്തത്. നിനക്ക് പ്രാന്താണോയെന്നാണ് അച്ഛന്‍ ചോദിച്ചത്.
ഇങ്ങനത്തെ പുതിയ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി വരുമ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡ് ആകും. ആ ആവേശത്തിലാണ് അച്ഛന്റെ അടുത്ത് പ്രാക്റ്റീസ് ചെയ്യാന്‍ പോയത്,’ അപര്‍ണ ബാലമുരളി പറയുന്നു.
Content Highlight: Aparna Balamurali Talks About Practicing Fight For Rudhiram Movie