ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. ഇടുക്കിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്നും ചിത്രത്തിന് രണ്ട് ദിവസം മുമ്പ് ഇടുക്കിയില്‍ എത്തിയെന്നും അവിടെ ചെന്നപ്പോഴാണ് തന്റെ കഥാപാത്രത്തെ കുറിച്ച് അറിയുന്നതെന്നും അപര്‍ണ പറയുന്നു.
ഷൂട്ടിങ് സ്ഥലത്ത് ചെന്നപ്പോള്‍ കുറച്ച് പൈസ തന്നിട്ട് അവിടെയുള്ള കടകളിലെല്ലാം പോയി ആളുകളോട് സംസാരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഇടുക്കി ഭംഗിയുള്ള സ്ഥലമാണെന്നും ഷൂട്ട് തുടങ്ങിയപ്പോഴേക്കും അവിടെയുള്ള ആളുകളുമായി നല്ല പരിചയമായെന്നും താരം പറയുന്നു. മിര്‍ച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.
‘മഹേഷിന്റെ പ്രതികാരത്തില്‍ ഞാനും ലിജോ ചേച്ചിയും ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ഇടുക്കിയില്‍ പോയി. അന്നാണ് ഞാന്‍ ആദ്യമായിട്ട് എന്റെ ക്യാരക്ടര്‍ എന്താണെന്ന് തന്നെ അറിയുന്നത്. അന്ന് ഭയങ്കര ഹാപ്പി ആയിരുന്നു. ഇതാണല്ലോ എന്റെ കഥാപാത്രമെന്നോര്‍ത്ത് എനിക്ക് ഒരുപാട് സന്തോഷം തോന്നി.
പിന്നെ ഞങ്ങള്‍ക്ക് കുറച്ച് പൈസയൊക്കെ തന്ന് അവിടെയുള്ള കടയിലെല്ലാം പോയി നാട്ടുകാരോടൊക്കെ വര്‍ത്തമാനം പറഞ്ഞിട്ട് വരാന്‍ പറഞ്ഞിരുന്നു. അങ്ങനെ ആകുമ്പോള്‍ നമുക്ക് ആ ഒരു അന്തരീഷം കിട്ടും. കൂടാതെ ഇടുക്കി ഭയങ്കര ഭംഗിയുള്ള സ്ഥലമാണ്. നല്ല ആളുകളുമാണ്.
ഷൂട്ട് തുടങ്ങിയപ്പോള്‍ അവിടെയുള്ളതെല്ലാം ദിവസം പോകുന്ന കടകളും പരിചയമുള്ള ആളുകളുമായി മാറി. സിനിമയില്‍ ഞാന്‍ സ്റ്റിച്ചിങ് പഠിക്കാന്‍ പോകുന്നതൊക്കെ ഉണ്ടല്ലോ. അപ്പോള്‍ ശരിക്കും ഞാന്‍ അവിടെ അടുത്തുള്ള ഒരു കടയില്‍ തയ്യല്‍ പഠിക്കാനൊക്കെ പോയിരുന്നു,’ അപര്‍ണ ബാലമുരളി പറയുന്നു.
Content Highlight: Aparna Balamurali Talks About Maheshinte Prathikaram Movie