ഫഹദ് പാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന്, പിന്നീട് മലയാളത്തിലെയും പിന്നീട് തമിഴിലെയും പ്രിയ താരമായി മാറിയ നടിയാണ് അപര്‍ണ ബാലമുരളി. സൂര്യക്കൊപ്പം ചെയ്ത സുധ കൊങ്കര ചിത്രം ‘സൂററൈ പോട്ര്’ലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കൂടി നേടിയ അപര്‍ണ ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
നടന്‍ കൂടിയായ ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരത്തിലെ അപര്‍ണയുടെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഓഡീഷനിലൂടെയായിരുന്നു അപര്‍ണ ഈ സിനിമയിലെത്തിയത്. ദിലീഷ് പോത്തനോട് തനിക്കുള്ള സ്‌നേഹത്തെയും കടപ്പാടിനെയും കുറിച്ച് അപര്‍ണ പല അഭിമുഖങ്ങളിലും സംസാരിക്കാറുമുണ്ട്.
സിനിമയാണ് കരിയര്‍ എന്ന് എപ്പോഴാണ് തീരുമാനിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അപര്‍ണ. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
മഹേഷിന്റെ പ്രതികാരം ചെയ്ത് കഴിഞ്ഞ സമയത്ത് ദിലീഷ് പോത്തനെ ഇടക്കിടെ വിളിക്കാറുണ്ടായിരുന്നെന്നും പിന്നീട് കുറേ സിനിമാ ഓഫറുകള്‍ വന്നപ്പോഴാണ് ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞു എന്ന് മനസിലായതെന്നുമാണ് അപര്‍ണ പറയുന്നത്.
”മഹേഷിന്റെ പ്രതികാരം കഴിഞ്ഞ് കോളേജില്‍ പഠിക്കുന്ന സമയത്തൊക്കെ ഞാന്‍ ദിലീഷേട്ടനെ വിളിക്കും. അപ്പോഴൊക്കെ ദിലീഷേട്ടന്‍ പറയുമായിരുന്നു, ‘നീ ഇങ്ങനെ എന്നെ വിളിച്ച് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല,’ എന്ന്. അതിനുശേഷം കുറേ സിനിമകള്‍ വന്നു. അതോടെ എനിക്ക് മനസിലായി ഞാന്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമായി കഴിഞ്ഞു, എന്ന്,” അപര്‍ണ പറയുന്നു.
ദിലീഷ് പോത്തന്‍ ആരാണെന്ന് പോലും അറിയാതെയായിരുന്നു മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ചതെന്നും ഇനിയും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അപര്‍ണ അഭിമുഖത്തില്‍ പറയുന്നുണ്ട്.
”എനിക്ക് ഇനിയും ദിലീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്ന് ആഗ്രഹമുണ്ട്. അന്ന് ദിലീഷേട്ടന്‍ ആരാണെന്ന് പോലും അറിയാതെയായിരുന്നല്ലോ വര്‍ക്ക് ചെയ്തത്. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ. ഇനിയിപ്പോള്‍ അത് മനസിലാക്കി കുറേക്കൂടി ആസ്വദിച്ച് അഭിനയിക്കണമെന്ന് തോന്നാറുണ്ട്,” താരം കൂട്ടിച്ചേര്‍ത്തു.
സുന്ദരി ഗാര്‍ഡന്‍സ്, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളാണ് അപര്‍ണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ബിജു മേനോനൊപ്പമുള്ള ‘തങ്കം’, ഇനി ഉത്തരം എന്നീ സിനിമകളാണ് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.
ഫെഫ്കക്ക് വേണ്ടി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് കാപ്പയിലെ നായകന്‍.
Content Highlight: Aparna Balamurali talks about her experience with Dileesh Pothan in Malayalam movies