ഫഹദിനോട് ആ കാര്യം ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്; ആവേശം കണ്ടപ്പോഴും പറഞ്ഞു: അപര്‍ണ ബാലമുരളി
Entertainment
ഫഹദിനോട് ആ കാര്യം ഞാന്‍ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്; ആവേശം കണ്ടപ്പോഴും പറഞ്ഞു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th December 2024, 7:44 am

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെയാണ് നടി തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ ശ്യാം പുഷ്‌കരന്റെ രചനയില്‍ ആദ്യമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസി’ എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയാകുന്നത്.

ചിത്രത്തില്‍ നായകനായത് ഫഹദ് ഫാസിലായിരുന്നു. മഹേഷ് എന്ന കഥാപാത്രമായാണ് ഫഹദ് ആ സിനിമയില്‍ എത്തിയത്. മഹേഷിന്റെ പ്രതികാരത്തില്‍ അപര്‍ണയുടെ കഥാപാത്രം ഒരു സീനില്‍ മഹേഷിനോട് ‘ചേട്ടന്‍ സൂപ്പറാ’ എന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഫഹദിനെ കുറിച്ച് പറയുകയാണ് അപര്‍ണ. ചേട്ടന്‍ സൂപ്പറാണെന്ന് താന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞതാണെന്നും താന്‍ എപ്പോഴും പറയുന്ന കാര്യമാണ് അതെന്നുമാണ് അപര്‍ണ പറയുന്നത്. ഫഹദ് നായകനായി എത്തിയ ആവേശം കണ്ടതോടെ താന്‍ ഒരു തവണ കൂടെ ചേട്ടന്‍ സൂപ്പറാണെന്ന് പറഞ്ഞുവെന്നും അപര്‍ണ ബാലമുരളി കൂട്ടിച്ചേര്‍ത്തു.

തന്റെ രുധിരം എന്ന സിനിമയുടെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഫഹദിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ രസകരമാണെന്നും അപര്‍ണ പറഞ്ഞു.

‘ഫഹദ് ഫാസിലിനെ കുറിച്ച് ചോദിച്ചാല്‍ എന്താണ് ഞാന്‍ പറയേണ്ടത്. ചേട്ടന്‍ സൂപ്പറാണെന്ന് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞതാണ്. ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ഇപ്പോഴും പറയാറുണ്ട്. ആവേശം കണ്ടതോടെ ഞാന്‍ ഒരു തവണ കൂടെ പറഞ്ഞു, ചേട്ടന്‍ സൂപ്പറാണെന്ന്.

അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് വളരെ രസകരമാണ്. ഫഹദ് ഒരു സിനിമയിലേക്ക് വന്നു കഴിഞ്ഞാല്‍ പിന്നെ പൂര്‍ണമായും ആ സിനിമയില്‍ തന്നെയാകും. ഞങ്ങള്‍ തമ്മില്‍ കുറേ നല്ല സംസാരങ്ങള്‍ ഉണ്ടായിട്ടുണ്ട്,’ അപര്‍ണ ബാലമുരളി പറഞ്ഞു.

Content Highlight: Aparna Balamurali Talks About Fahadh Faasil