| Sunday, 8th December 2024, 1:03 pm

ആ സിനിമയിലെ ആസിഫ് ഇക്കയുടെ റിയാക്ഷന്‍ എന്നെ കരയിപ്പിച്ചു; ഇമോഷണലി ഒരുപാട് ടച്ച് ചെയ്ത സീന്‍: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഒരു ജോഡിയാണ് അപര്‍ണ ബാലമുരളിയുടേയും ആസിഫ് അലിയുടേയും. ഇരുവരും ഒന്നിക്കുന്ന സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ആദ്യമായി ഒന്നിച്ചത് ജിസ് ജോയ് എഴുതി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന സിനിമയിലൂടെയാണ്.

പിന്നീട് തൃശ്ശിവപേരൂര്‍ ക്ലിപ്തം, ബി-ടെക് എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ എത്തിയ നാലാമത്തെ സിനിമയായിരുന്നു ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രവും വലിയ വിജയമായിരുന്നു.

ആസിഫ് ചെയ്ത ഏത് സിനിമയാണെങ്കിലും അതിലൊക്കെ വളരെ സട്ടിലായിട്ടുള്ള റിയാക്ഷന്‍സ് കാണാമെന്നും അതില്‍ വലിയ സന്തോഷം തോന്നാറുണ്ടെന്നും പറയുകയാണ് അപര്‍ണ ബാലമുരളി.

കിഷ്‌കിന്ധാ കാണ്ഡത്തിലെ ചില സീനില്‍ ആസിഫ് അലി തന്നെ കരയിപ്പിച്ചുവെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ ബാലമുരളി.

‘ആസിഫ് ഇക്ക ചെയ്ത ഏത് സിനിമയാണെങ്കിലും അതിലൊക്കെ വളരെ സട്ടില്‍ ആയിട്ടുള്ള റിയാക്ഷന്‍സ് കാണാം. അതൊക്കെ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നാറുണ്ട്. ഇക്കയുടെ ഏത് സിനിമ നോക്കിയാലും അതിലൊക്കെ ചില റിയാക്ഷന്‍സുണ്ട്. അതുപോലെ തലവന്‍, ഉയരെ പോലെയുള്ള സിനിമകളില്‍ ആസിഫ് ഇക്ക ചെയ്ത കഥാപാത്രങ്ങള്‍ വളരെ നല്ലതായിരുന്നു.

ചില സിനിമകളിലെ കഥാപാത്രങ്ങള്‍ ആസിഫ് ഇക്ക വളരെ മനോഹരമായിട്ടാണ് ചെയ്യുക. പിന്നെ അദ്ദേഹത്തെ പേഴ്‌സണലി അറിയുന്ന ആളാണ് ഞാന്‍. സിനിമ ചെയ്യുന്ന കാലം മുതല്‍ക്ക് തന്നെ ഇക്കയെ പരിചയമുണ്ട്. ഇപ്പോള്‍ എന്റെ ഏറ്റവും നല്ല ഫാമിലി ഫ്രണ്ട് കൂടെയാണ് അദ്ദേഹം.

അതുകൊണ്ട് ഇക്കയുടെ മികച്ച സിനിമകള്‍ കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. ഞങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും രണ്ടുപേരുടെയും വിജയത്തില്‍ സന്തോഷിക്കുന്നവരാണ്. എന്റെ സിനിമ കണ്ട് ഇക്കയും ഇക്കയുടെ സിനിമ കണ്ട് ഞാനും പരസ്പരം പറയുന്ന കാര്യമാണ്.

പിന്നെ കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയെ കുറിച്ച് ചോദിച്ചാല്‍ അതിലും ഇക്കയുടെ ചില സീനുകളുണ്ട്. കാറില്‍ വെച്ച് ഫോണില്‍ സംസാരിക്കുന്ന സീനും അച്ഛനോട് അവസാനം സംസാരിക്കുന്ന സീനുമൊക്കെ. ഞാന്‍ കിഷ്‌കിന്ധാ കാണ്ഡം കുറച്ചധികം തവണ കണ്ടിട്ടുണ്ട്.

തിയേറ്റര്‍ വിസിറ്റിന്റെ സമയത്തൊക്കെ സിനിമ കണ്ടിരുന്നു. അത്രയും തവണ തന്നെ ഞാന്‍ ഇക്കയുടെ ആ സീന്‍ കണ്ട് കരഞ്ഞു. എല്ലാ തവണ കാണുമ്പോഴും ആ സീന്‍ എനിക്ക് വളരെ ഫ്രഷായിട്ടാണ് തോന്നുക. അത് എന്നെ ഇമോഷണലി വളരെ ടച്ച് ചെയ്ത സീനുകളാണ്. പ്രത്യേകിച്ചും കുട്ടേട്ടനുമായി (വിജയരാഘവന്‍) ആസിഫ് ഇക്ക ചെയ്ത സീന്‍,’ അപര്‍ണ ബാലമുരളി പറഞ്ഞു.

Content Highlight: Aparna Balamurali Talks About Asif Ali’s Emotional Scene In Kishkindha Kaandam Movie

Video Stories

We use cookies to give you the best possible experience. Learn more