നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേദിവസം ഇന്റര്‍വ്യൂവില്‍ പുള്ളി ചോദിച്ച ചോദ്യമിതാണ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് തോന്നി: അപര്‍ണ
Entertainment news
നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേദിവസം ഇന്റര്‍വ്യൂവില്‍ പുള്ളി ചോദിച്ച ചോദ്യമിതാണ്; ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് തോന്നി: അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 6:56 pm

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് മലയാളത്തിന്റെ പ്രിയതാരം അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രമായെത്തുന്ന ത്രില്ലര്‍ ചിത്രം ‘ഇനി ഉത്തരം’ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയുമാണ്.

നാഷണല്‍ അവാര്‍ഡ് നേടിയതിന്റെ പിറ്റേദിവസം ഒരു അഭിമുഖത്തില്‍ താന്‍ നേരിട്ട ചോദ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ.

ഇതിന് എന്ത് ഉത്തരം പറയും എന്നറിയാതെ ചില ചോദ്യങ്ങള്‍ കേട്ട് സ്റ്റക്കായി നിന്നിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേദിവസം രാവിലെ തന്നെ ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. ഒരു എട്ട് മണിക്ക് അവര്‍ വന്ന് ഇന്റര്‍വ്യൂ എടുത്തു. അപ്പോഴാണ് മനസിലായത് റെക്കോഡിങ്ങാണ്, ഓക്കെ, കുഴപ്പമില്ല, നമുക്ക് തീര്‍ക്കാം എന്ന് ഞാന്‍ പറഞ്ഞു. കാരണം അത് കഴിഞ്ഞ് ഷൂട്ടുണ്ടായിരുന്നു.

നാഷണല്‍ അവാര്‍ഡ് കിട്ടിയിരിക്കുന്ന സമയമാണ്. എന്റെ ലൈഫിലെ ഏറ്റവും വലിയ അച്ചീവ്‌മെന്റായി ഞാന്‍ കാണുന്ന കാര്യമാണ്. അങ്ങനെ ഇന്റര്‍വ്യൂ തുടങ്ങി ആദ്യത്തെ കുറച്ച് ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ പുള്ളി എന്നോട് ചോദിച്ചത്, ആരോടെങ്കിലും ക്രഷുണ്ടോ എന്നാണ്.

എങ്ങനെ സാധിക്കുന്നു ഇതൊക്കെ, എന്നാണ് ഞാനപ്പോള്‍ ചിന്തിച്ചത്. ഇല്ല എന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഉണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ടല്ലോ എന്നായി പുള്ളി. എന്നാപ്പിന്നെ നിങ്ങള് തന്നെ പറ ആരാണെന്ന് എന്ന് ഞാന്‍ പറഞ്ഞു.

എന്റെ ലൈഫിലെ ആ ഒരു പോയിന്റില്‍ ഇതൊക്കെ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യമാണ്. പുള്ളിക്കാരന്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എങ്ങനെ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റുന്നു.

ഞാന്‍ അതൊക്കെ എങ്ങനെയെങ്കിലും പറഞ്ഞ് ഒഴിവാക്കും,” അപര്‍ണ പറഞ്ഞു.

മുമ്പും ഇന്റവ്യൂകളില്‍ തീര്‍ത്തും അപ്രധാനമായതും വ്യക്തിപരമായതുമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ട് അപര്‍ണ സംസാരിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് മേനോന്‍, ചന്തുനാഥ്, ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ഇനി ഉത്തരത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Aparna Balamurali talks about a question being asked after she got the national award for best actress