എന്റെ വണ്ണമാണ് ആ പാട്ടിന്റെ പ്ലസ് പോയിന്റ്, പക്ഷെ കുറെ ബോഡി ഷെയ്മിങ് നേരിട്ടു: അപർണ ബാലമുരളി
Entertainment
എന്റെ വണ്ണമാണ് ആ പാട്ടിന്റെ പ്ലസ് പോയിന്റ്, പക്ഷെ കുറെ ബോഡി ഷെയ്മിങ് നേരിട്ടു: അപർണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th September 2024, 7:35 pm

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്താന്‍ അപര്‍ണക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ ഭാഗമായിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘല എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.

വണ്ണം കൂടിയതിന്റെ പേരിൽ ബോഡി ഷേമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് അപർണ. വണ്ണം കൂടിയാലും കുറഞ്ഞാലും ആളുകൾ ഓരോന്ന് പറയുമെന്നും എന്നാൽ വാട്ടർ പാക്കറ്റ് എന്ന പാട്ടിൽ വണ്ണമാണ് അതിന്റെ ഭംഗിയെന്നും അപർണ പറഞ്ഞു.

‘വണ്ണം കൂടിയതിന്റെ പേരില്‍ പലതവണ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നയാളാണ് ഞാന്‍. ആളുകള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. വണ്ണം കൂടിയാലും കുറഞ്ഞാലും കുറ്റം പറയും. അത് നമ്മള്‍ കാര്യമാക്കേണ്ടതില്ല.

വാട്ടര്‍ പാക്കറ്റ് എന്ന പാട്ടില്‍ വണ്ണമാണ് എന്റെ പ്ലസ് പോയിന്റ്. അതുകൊണ്ട്, ബോഡി ഷെയ്മിങ്ങൊന്നും ഞാന്‍ കാര്യമാക്കാറില്ല. ആരോഗ്യത്തോടെയിരിക്കുക. ബാക്കിയൊന്നും കാര്യമാക്കേണ്ടതില്ല,’ അപര്‍ണ പറയുന്നു.

മലയാള സിനിമയില്‍ നിലവിലുണ്ടായ വിവാദങ്ങളെകുറിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചും അപര്‍ണ സംസാരിച്ചു.

‘സിനിമയില്‍ വന്ന് ഇതുവരെയും എനിക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മോശം അനുഭവങ്ങളുണ്ടായിട്ടില്ല. അതിനര്‍ഥം, ആര്‍ക്കും ഇതൊന്നും സംഭവിച്ചിട്ടില്ല എന്നല്ല. ഒട്ടേറെ ഇരകളാണ് അതിക്രമങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മുന്നോട്ടുവരുന്നത്. അവര്‍ക്കു നീതി ലഭിക്കണമെന്നു തന്നെയാണ് ആഗ്രഹം.

മലയാളം സിനിമാ ഇന്‍ഡസ്ട്രിയിലാണ് ഹേമ കമ്മിറ്റി പോലൊന്ന് വന്നത് എന്നതില്‍ സന്തോഷമുണ്ട്. എന്റെ അന്നമാണ് സിനിമ. അവിടെ സുരക്ഷിതമായി, സന്തോഷത്തോടെ എല്ലാവര്‍ക്കും ജോലി ചെയ്യാനാകണം. ഭാവിയില്‍ അതു പൂര്‍ണ അര്‍ത്ഥത്തില്‍ സാധ്യമാകുമെന്നു തന്നെയാണ് വിശ്വാസം,’ അപര്‍ണ പറഞ്ഞു.

Content Highlight: Aparna Balamurali Talk About Rayan Movie Songs And Body Shaming