മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളസിനിമക്ക് സമ്മാനിച്ച നായികയാണ് അപര്‍ണ ബാലമുരളി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അപര്‍ണക്ക് സാധിച്ചു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് താരം നേടി.
തന്റെ സിനിമ യാത്രയെ കുറിച്ച് പറയുകയാണ് അപർണ. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഒറ്റയ്ക്ക് സിനിമ എടുക്കുന്നതിനെ കുറിച്ച് ഐഡിയ ഇല്ലായിരുന്നുവെന്നും അന്ന് സംവിധായകൻ ദിലീഷ് പോത്തന്റെ ഉപദേശമായിരുന്നു തേടിയതെന്നും അപർണ പറഞ്ഞു. സൂരറൈ പോട്രിലേക്ക് പ്രതീക്ഷിക്കാതെയാണ് വിളി വന്നതെന്നും അപർണ കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘വളരെ അപ്രതീക്ഷിതമായൊരു യാത്രയാണിത്. ആർക്കിടെക്‌ചർ പഠനകാലത്ത് അഭിനേത്രി ഉണ്ണിമായ ച്ചേച്ചി എൻ്റെ അധ്യാപികയായിരുന്നു. അവരാണ് ‘മഹേഷിൻ്റെ പ്രതികാര’ത്തിൻ്റെ ഓഡിഷന് അപേക്ഷ അയക്കാൻ പറഞ്ഞത്.
ആ സിനിമ വിജയിച്ചപ്പോഴും ഇനി എന്തുചെയ്യണമെന്നതിനെ കുറിച്ച് ഐഡിയയില്ലായിരുന്നു. അന്ന് പുതിയ സിനിമ വരുമ്പോൾ ദിലീഷേട്ടനെ (ദിലീഷ് പോത്തൻ) വിളിച്ച് അഭിപ്രായം ചോദിക്കും. ഇത് പതിവായപ്പോൾ ഇങ്ങനെ ചോദിക്കുന്നതിൽ കാര്യമില്ലെന്നും കഥ കേട്ട് ഒറ്റയ്ക്ക് തീരുമാനമെടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
ജിസേട്ടൻ (ജിസ് ജോയ്) സംവിധാനം ചെയ്‌ത ‘സൺഡേ ഹോളിഡേ’ ആണ് അത്തരത്തിൽ സ്വയം തീരുമാനമെടുത്ത ആദ്യ സിനിമ അത് വിജയിച്ചതോടെ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം വന്നു.
കുറച്ച് സിനിമകൾ കഴിഞ്ഞപ്പോഴാണ് ‘സൂരറൈ പോട്രി’ലേക്ക് വിളിച്ചത്. അതൊരു സർപ്രൈസ് എൻട്രിയായിരുന്നു. സിനിമയുടെ ഓഡിഷൻ,ട്രെയിനിങ് വർക്ഷോപ്പുകൾ എല്ലാം പുതിയ അനുഭവം. കൊവിഡ് കാരണം തിയേറ്റർ റിലീസ് നടക്കാതെ വന്നപ്പോൾ വിഷമം തോന്നി. ഒ.ടി.ടി റിലീസ് ചെയ്‌തപ്പോൾ മികച്ച അഭിപ്രായം ലഭിച്ചു. അപ്പോഴും കഥാപാത്രത്തിന് ദേശീയ അവാർഡ് കിട്ടുമെന്നൊന്നും കരുതിയില്ല. രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് അവാർഡ് ലഭിച്ചത്,’അപർണ ബാലമുരളി പറയുന്നു.
Content Highlight: Aparna Balamurali Talk About Her Film Career