| Sunday, 24th July 2022, 3:23 pm

അന്ന് സുധ മാം കണ്ട വിഷന്റെ റിസള്‍ട്ടാണ് ഈ നാഷ്ണല്‍ അവാര്‍ഡ്: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച നടിക്കുള്ള 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. സുധ കൊങ്കാര സംവിധാനം ചെയ്ത സൂരരൈ പോട്രിലെ അഭിനയത്തിനാണ് അപര്‍ണക്ക് അവാര്‍ഡ് ലഭിച്ചത്. ഈ ചിത്രത്തിലെ നായകനായ സുര്യക്കും ഇത്തവണത്തെ മികച്ച നടനുള്ള നാഷ്ണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

അന്ന് സുധ മാം കണ്ട വിഷന്റെ റിസള്‍ട്ടാണ് ഈ നാഷ്ണല്‍ അവാര്‍ഡെന്ന് പറഞ്ഞിരിക്കുകയാണ് അപര്‍ണ ബാലമുരളി ഇപ്പോള്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സൂരരൈ പോട്രിന്റെ ഡബ്ബിങ് സമയത്ത് അത് ചെയ്യാന്‍ വേണ്ടി സുധ മാം എന്നെ ഒരുപാട് നിര്‍ബന്ധിക്കുമായിരുന്നു. അവര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. നമ്മള്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് നീ ഉയരങ്ങള്‍ അച്ചീവ് ചെയ്യണമെന്ന് പറഞ്ഞിരുന്നു.

അതുകൊണ്ടാണ് വളരെയധികം നിര്‍ബന്ധിച്ച് മാം എന്നെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിച്ചത്. നാഷ്ണല്‍ അവാര്‍ഡ് കിട്ടിയ ആ നിമിഷം എനിക്കും സുധ മാമിനും കോസ്റ്റിയൂം ഡിസൈനര്‍ ആയ പൂര്‍ണിമ അക്കക്കും വളരെ പ്രധാനപെട്ടതാണ്. ഒരുപാട് ചാലഞ്ചുകള്‍ നേരിട്ട് ഈ അവാര്‍ഡ് അച്ചീവ് ചെയ്ത് നില്‍ക്കുമ്പോള്‍ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണിതെന്ന് തോന്നുന്നു.

തമിഴ് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ ശൈലിയില്‍ ഡബ്ബ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എനിക്ക് ഒരുപാട് ട്രെയിനിങ്ങും റീഡിങ് പ്രാക്ടീസുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ അന്ന് എടുത്ത എഫേര്‍ട്ടിനുള്ള റിസള്‍ട്ടായാണ് ഈ അവാര്‍ഡ് എന്നാണ് എനിക്ക് തോന്നുന്നത്,’ അപര്‍ണ ബാലമുരളി പറഞ്ഞു.

ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ സംവിധാനം ചെയ്ത സൂരരൈ പോട്ര് വാണിജ്യ വിജയം നേടിയതിനൊപ്പം ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു.

സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്ന് നിര്‍മിച്ച സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് ചിത്രം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു.

മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വശി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Content Highlight: Aparna Balamurali says that this National Award is the result of Sudha Mam’s vision

We use cookies to give you the best possible experience. Learn more