| Friday, 7th July 2023, 9:20 am

ഇന്റിമേറ്റ് സീന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ നിന്ന് വിയര്‍ക്കും, മഹേഷിന്റെ പ്രതികാരത്തില്‍ പറ്റില്ലെന്ന് പറഞ്ഞു: അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ താന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളത് റൊമാന്‍സും ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാനാണെന്ന് അപര്‍ണ ബാലമുരളി. സിനിമയിലുള്ളവര്‍ക്ക് ജോലിയും ജീവിതവും വേര്‍തിരിച്ച് കാണുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ലെന്നും ഇപ്പോള്‍ തനിക്ക് അതിനുള്ള ബോധം വന്നെന്നും പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘ഇന്റിമേറ്റ് സീന്‍സ് ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ നിന്ന് വിയര്‍ക്കും. മഹേഷിന്റെ പ്രതികാരത്തില്‍ കമ്പ്യൂട്ടറില്‍ ഫഹദിക്ക എനിക്ക് എന്തോ പറഞ്ഞുതരുന്ന സീനുണ്ട്. അതില്‍ ഞങ്ങള്‍ പരസ്പരം നോക്കും. കട്ട് ചെയ്തുകഴിഞ്ഞ് ഇനി ഫഹദ് നിന്നെ ഉമ്മ വെക്കുമെന്ന് ദിലീഷേട്ടന്‍ പറഞ്ഞു. ഏ.., ഉമ്മ വെക്കുമോ, എന്തിന്, പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ഇരുന്ന് വിയര്‍ക്കുകയാണ്. എനിക്ക് ടെന്‍ഷനായി അന്ന്.

സര്‍വം താളമയം സിനിമയില്‍ ഒരു ഇന്റിമേറ്റ് സീനുണ്ട്. ആ സീന്‍ കാണുമ്പോള്‍ അറിയാം, എന്റെ മുഖത്ത് ഒരു ചളിപ്പുണ്ട്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ഒരു സീന്‍ ആദ്യമായി ചെയ്യുന്നത് സര്‍വം താളമയത്തിലാണ്. ആ സീനില്‍ കാണുന്ന പോലൊരു ഫീലായിരുന്നു എന്റെ ഉള്ളിലും. ഇപ്പോഴൊക്കെ നമ്മുടെ ജോലിയും ജീവിതവും തമ്മില്‍ വേര്‍തിരിച്ച് കാണാനുള്ള ബോധം വരുമല്ലോ.

ഞാനും ഉണ്ണിച്ചേട്ടനുമുള്ള മിണ്ടിയും പറഞ്ഞും റൊമാന്റിക് സിനിമയാണ്. അത് ചെയ്യുമ്പോഴൊന്നും എനിക്ക് വലിയ പ്രശ്‌നമില്ല. കുറേക്കൂടി ഓക്കെയായി. കംഫര്‍ട്ടബിളാവാന്‍ തുടങ്ങി. സൂരരൈപോട്രിലും അങ്ങനെയായിരുന്നു. അവര്‍ കഥാപാത്രത്തെ അത്ര നന്നായി പഠിപ്പിച്ചാണ് വിട്ടത്.

സിനിമയിലുള്ളവര്‍ക്ക് പേഴ്‌സണല്‍ ലൈഫും പ്രൊഫഷനും വേര്‍തിരിച്ച് കാണുകയെന്നുള്ളത് ഈസിയല്ല. അത് മാനസികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെയൊരു സ്റ്റേജില്‍ ഞാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയിട്ടുള്ളത് റൊമാന്‍സും ഇന്റിമേറ്റ് സീന്‍സും ചെയ്യാനാണ്,’ അപര്‍ണ പറഞ്ഞു.

പദ്മിനിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന അപര്‍ണയുടെ ചിത്രം. സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Aparna Balamurali says it was difficult to do romance and intimate scenes

We use cookies to give you the best possible experience. Learn more