പൃഥ്വിരാജ് ഷാജി കൈലാസ് ചിത്രം കാപ്പയില്‍ അപര്‍ണ ബാലമുരളി എത്തുന്നു. ഡേറ്റ് ക്ലാഷ് മൂലം മഞ്ജു വാര്യര്‍ പിന്മാറിയ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് അപര്‍ണ എത്തുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായിക കഥാപാത്രത്തെയാവും അപര്‍ണ അവതരിപ്പിക്കുക.
അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്നാണ് കാപ്പയില്‍ നിന്ന് മഞ്ജു പിന്മാറിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കൊട്ട മധു എന്ന കഥാപാത്രത്തെയാണ് കാപ്പയില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 2021 ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കൊവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വേണുവിനെ സംവിധായകനായി തീരുമാനിച്ചായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം. പിന്നീട് ഇത് ഷാജി കൈലാസിലേക്ക് എത്തുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു മികച്ച ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയായി അപര്‍ണ ബാലമുരളിയെ തെരഞ്ഞെടുത്തത്. സുധ കൊങ്കാര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അപര്‍ണയെ മികച്ച നടിയായി തെരഞ്ഞെടുത്തത്. സൂര്യയായിരുന്നു ചിത്രത്തിലെ നായകന്.
സൂരരൈ പോട്രിലെ പ്രകടനത്തിന് സൂര്യയും മികച്ച നടനുള്ള പുരസ്കാരം ബോളിവുഡ് താരം അജയ് ദേവ്ഗണുമായി പങ്കിട്ടു.
അതേസമയം കാപ്പയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ആസിഫ് അലി, അന്ന ബെന്‍ എന്നിവരും കാപ്പയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് അറുപതോളം അഭിനേതാക്കളും വിവിധ കഥാപാത്രങ്ങളായി എത്തും. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് കാപ്പയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്ന നോവെല്ലയാണ് ശംഖുമുഖി. ഇന്ദുഗോപന് തന്നെയാണ് ചിത്രത്തിന്റെ രചനയും.
Content Highlight: Aparna Balamurali replaces Manju Warrier in Kappa