ഒറ്റക്ക് ഒരു വീട്ടിൽ താമസിക്കാൻ വീട്ടിൽ അനുവദിച്ചിരുന്നില്ലെന്ന് നടി അപർണ ബാലമുരളി. ഒറ്റക്ക് ചെയ്യേണ്ടുന്ന പല കാര്യത്തെപ്പറ്റിയും തനിക്ക് അറിവില്ലായിരുന്നെന്നും രക്ഷിതാക്കൾ ഒപ്പമില്ലെങ്കിൽ എങ്ങനെ സ്വയം ജീവിക്കും എന്നറിയാൻ വേണ്ടിയുമാണ് താൻ ഒറ്റക്ക് താമസിക്കാൻ തുടങ്ങിയതെന്ന് അപർണ പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ജീവിതത്തിൽ കല്യാണത്തിന് ശേഷമോ അല്ലാതെയോ ഒറ്റക്ക് ജീവിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഈ വിഷയത്തിൽ ഞാൻ വീട്ടിൽ പണ്ട് നല്ല അടി ഉണ്ടാക്കിയിട്ടുണ്ട്. ‘ഞാൻ ഇത്രയും നാൾ നിങ്ങളുടെ കൂടെ ജീവിച്ചു കല്യാണം കഴിഞ്ഞാൽ ഭർത്താവിന്റെ കൂടെ ജീവിക്കേണ്ടി വരും. ഇതിനിടയിൽ എന്ത് ഫേസ് ആണുണ്ടാകുക’ എന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. ഞാൻ വളരെ ആകാംക്ഷയുള്ള കൂട്ടത്തിൽ ആയിരുന്നു. എനിക്ക് ഒരു ഐഡിയയും ഇല്ല എങ്ങനെയാണ് ഒറ്റക്കുള്ള ജീവിതം എന്ന്.
അച്ഛനും അമ്മയും എന്നെ ഒരിക്കലും ഒറ്റക്ക് താമസിക്കാൻ സമ്മതിക്കില്ലായിരുന്നു. അത് എന്റെ സുരക്ഷയെ ഓർത്തായിരുന്നു. അത് ഒരു സ്റ്റേജ് വരെ ഞാൻ സമ്മതിക്കുമായിരുന്നു. ഒരു 25 വയസൊക്കെ ആയപ്പോൾ ഞാൻ ആലോചിച്ചു ഇനി എപ്പോഴെങ്കിലും ഒരു കല്യാണം ഒക്കെ കഴിച്ചാൽ ഞാൻ ചിലപ്പോൾ എന്റെ ഭർത്താവിന്റെ വീട്ടിൽ പോകേണ്ടി വരും. ഞാൻ ആ ഒരു സ്റ്റേജിൽ ഫൈറ്റ് ചെയ്യേണ്ടി വരുമെന്ന് എനിക്ക് നന്നായറിയാം.
എനിക്കിപ്പോൾ ഒറ്റക്ക് ജീവിക്കാനുള്ള കഴിവുണ്ട്. ഞാൻ മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്ന ഒരാൾ ആയിരുന്നു. കാരണം എല്ലാത്തിനും എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഒരു സാഹചര്യത്തിൽ അവർ ഇല്ലാതെ വരുമ്പോൾ ഞാൻ ഒറ്റക്ക് ചെയ്യേണ്ടുന്ന പലതും ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഉദാഹരണം ഒരു ബാങ്കിൽ പോയാൽ എന്ത് ചെയ്യണമെന്ന് വരെ അറിയാത്ത അവസ്ഥയായിരുന്നു.
നമ്മളൊക്കെ മനുഷ്യന്മാരാണ്, എപ്പോഴും എല്ലാവരും കൂടെ ഉണ്ടാകണമെന്നില്ല. എല്ലാവരും കൂടെ ഉള്ളപ്പോൾ നമ്മൾ ആരും അതിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇപ്പോഴും കൂടെ ഉള്ളവർ ഇല്ലാതാകുമ്പോൾ എന്ത് ചെയ്യും എന്ന് കൂടി നമ്മൾ ചിന്തിക്കണം. അതിന് വേണ്ടി എല്ലാവരും സ്വന്തമായി വർക്ക് ചെയ്യുകയും സമ്പാദിക്കുകയും ചെയ്യണം. സിനിമ ഇല്ലെങ്കിൽ എന്ത് ചെയ്യണമെന്നുള്ള പ്ലാൻ എനിക്കുണ്ട്. എല്ലാവർക്കും അത്തരത്തിലുള്ള പ്ലാനുകൾ വേണം. ഞാൻ ഇപ്പോൾ രണ്ട് വർഷത്തോളമായി ഒറ്റക്ക് താമസിക്കുന്നു,’ അപർണ പറഞ്ഞു.
Content Highlights: Aparna Balamurali on future