ആസിഫ് ഇക്കക്ക് അടികിട്ടിയപ്പോഴുള്ള റിയാക്ഷൻ അടിപൊളി ആയിരുന്നു, അത് ശരിക്കും കിട്ടിയെന്ന് പുള്ളി പറഞ്ഞു: അപർണ ബാലമുരളി
Entertainment
ആസിഫ് ഇക്കക്ക് അടികിട്ടിയപ്പോഴുള്ള റിയാക്ഷൻ അടിപൊളി ആയിരുന്നു, അത് ശരിക്കും കിട്ടിയെന്ന് പുള്ളി പറഞ്ഞു: അപർണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd June 2023, 3:39 pm

സിനിമയിൽ അടി കൊള്ളുന്ന സീനുകളിൽ ആസിഫ് അലിയുടെ റിയാക്ഷനുകൾ
മികച്ചതായി തോന്നിയിട്ടുണ്ടെന്ന് നടി അപർണ ബാലമുരളി. അത്തരം സീനുകളിൽ മുഖത്ത് റിയാക്ഷൻ വരുത്താൻ ബുദ്ധിമുട്ടാണെന്നും ഒരിക്കൽ യഥാർത്ഥത്തിൽ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്ന് ആസിഫ് പറഞ്ഞിട്ടുണ്ടെന്നും അപർണ പറഞ്ഞു. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആസിഫ് ഇക്ക സിനിമയിൽ അടിവാങ്ങുമ്പോഴുള്ള റിയാക്ഷൻ അടിപൊളിയാണ്. അത് ഞാൻ പുളളിയോട് പറഞ്ഞിട്ടുണ്ട്. 2018 സിനിമയിൽ അടികൊള്ളുന്ന സീൻ ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞപ്പോൾ ആസിഫിക്കാ പറഞ്ഞത് അത് ശരിക്കും കിട്ടിയ അടിയാണെന്നാണ്. എനിക്കറിയില്ല എങ്ങനെയാണ് ഇങ്ങനെയൊക്കെ റിയാക്ട് ചെയ്യുന്നതെന്ന്. ക്യാമറയുടെ മുന്നിൽ വെച്ച് എങ്ങനെയാണ് ഇത്തരത്തിൽ റിയാക്ട് ചെയ്യാൻ നല്ല പാടാണ്. എനിക്ക് 2018 ഏറ്റവും ഇഷ്ടപ്പെട്ട സീനുകളിൽ ഒന്നാണത്. പുള്ളിക്ക് അടികിട്ടിയപ്പോൾ കണ്ടുനിന്ന ഞാനൊക്കെ വിറച്ചുപോയി. ആസിഫ് ഇക്കയുടെ റിയാക്ഷൻ കൂടി ആയപ്പോൾ ആ സീൻ ശരിക്കും വർക്കായി,’ അപർണ പറഞ്ഞു.

അഭിമുഖത്തിൽ ധൂമം എന്ന ചിത്രത്തെപ്പറ്റിയും അപർണ സംസാരിച്ചു. ധൂമം മലയാളം ചിത്രമാണെന്ന് മറന്ന് പോയിരുന്നെന്നും കേരളത്തിൽ നിന്നുള്ള ആർട്ടിസ്റ്റുകളെ കൂടാതെ പുറത്തുനിന്നുള്ള ആർട്ടിസ്റ്റുകൾ കൂടുതലുള്ളതുകൊണ്ടാണ് തനിക്ക് അങ്ങനെ തോന്നിയതെന്നും അപർണ പറഞ്ഞു.

‘ഞാൻ ഹോംബാലെ പ്രൊഡക്ഷൻസിന്റെ ഓഫീസിൽ ഇരിക്കുമ്പോൾ ഈ സിനിമയിൽ ഒത്തിരി മലയാളം ആർട്ടിസ്റ്റുകൾ ഉണ്ടല്ലോ എന്ന് ഞാൻ സംവിധായകൻ പവൻ സാറിനോട് പറഞ്ഞു. ഇത് മലയാളം സിനിമ ആണെന്ന് പറയണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഞാൻ അദ്ദേഹത്തിന്റെ മുഖത്തുനിന്ന് തന്നെ വായിച്ചെടുത്തു. കുറെ മലയാളി ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. സംവിധായകനും പ്രൊഡ്യൂസറും ലൊക്കേഷനും എല്ലാം കേരളത്തിന് പുറത്താണ്. അതാവാം എനിക്ക് അങ്ങനെ തോന്നിയത്,’ അപർണ പറഞ്ഞു.

പവൻ കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ധൂമം ആണ് അപർണയുടെ ഏറ്റവും പുതിയ ചിത്രം. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിൽ റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കെ.ജി.എഫ്, കാന്താര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച ഹോംബാലെ ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രമാണ് ധൂമം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ജൂൺ 23 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Content Highlights: Aparna Balamurali on Asif Ali