ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളസിനിമയുടെ മുന്‍നിരയിലേക്കെത്താന്‍ അപര്‍ണക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.
തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ ഭാഗമായിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘല എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. ധനുഷ് എന്ന സംവിധായകനൊപ്പം പ്രവര്‍ത്തിച്ച അനുഭവം പങ്കുവെക്കുകയാണ് അപര്‍ണ. ധനുഷ് എന്ന അഭിനേതാവിനെക്കാള്‍ അയാളിലെ സംവിധായകന്‍ തന്നെ ഞെട്ടിച്ചുവെന്ന് അപര്‍ണ പറഞ്ഞു. സംവിധാനത്തോട് വളരെയധികം പാഷനുള്ളയാളാണ് ധനുഷെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.
ഓരോ ആര്‍ട്ടിസ്റ്റിന്റെ കൈയില്‍ നിന്നും അവരുടെ ഏറ്റവും ബെസ്റ്റ് പെര്‍ഫോമന്‍സ് കിട്ടണമെന്ന് ധനുഷിന് നിര്‍ബന്ധമുണ്ടെന്നും അത് എല്ലാ സീനിലും പ്രാവര്‍ത്തികമാക്കാറുണ്ടെന്നും അപര്‍ണ പറഞ്ഞു. പഞ്ചു മുട്ടായി എന്ന പാട്ടില്‍ കൊറിയോഗ്രാഫര്‍ ബാബാ ബാസ്‌കറിനൊപ്പം ഓരോ സ്‌റ്റെപ്പും മികച്ച രീതിയില്‍ കാണിച്ചു തന്നിട്ടാണ് തങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചതെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യം പറഞ്ഞത്.
‘ധനുഷ് എന്ന അഭിനേതാവിനെക്കാള്‍ പുള്ളിയിലെ ഡയറക്ടര്‍ എന്നെ ഞെട്ടിച്ചു. വെറുതെ സംവിധാനം ചെയ്യാമെന്നുള്ള ചിന്തയൊന്നും പുള്ളിക്ക് ഇല്ല. വലിയ ഡെഡിക്കേഷനാണ് അദ്ദേഹത്തിന് ഡയറക്ഷനോട് ഉള്ളത്. ഓരോ ആര്‍ട്ടിസ്റ്റിന്റെ കൈയില്‍ നിന്നും അവരുടെ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെ കിട്ടണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അത് കിട്ടുന്നതുവരെ പുള്ളി നമ്മളെക്കൊണ്ട് ചെയ്യിക്കും. നമുക്ക് അതൊന്നും ഒരിക്കലും മടുക്കില്ല. പുള്ളി ഒരു സ്റ്റാര്‍ എന്ന ഇമേജ് മാറ്റിവെച്ചാണ് ഓരോ സീനും എടുത്തത്.
പഞ്ചു മുട്ടായി എന്ന പാട്ടിന്റെ കൊറിയോഗ്രാഫര്‍ ബാബാ ഭാസ്‌കര്‍ സാറായിരുന്നു. പുള്ളിയും ധനുഷ് സാറും ഓരോ സ്‌റ്റെപ്പും ഞങ്ങളുടെ മുന്നില്‍ ഇട്ട് കാണിക്കും. അത് കാണാന്‍ തന്നെ നല്ല രസമാണ്. ഞാനും സന്ദീപും ചെയ്യുന്നതിനെക്കാള്‍ നന്നായി അവര്‍ ചെയ്യുന്നുണ്ടായിരുന്നു. ധനുഷ് എന്ന ഡയറക്ടറുടെ കീഴില്‍ വര്‍ക്ക് ചെയ്യാന്‍ നല്ല രസമാണ്,’ അപര്‍ണ ബാലമുരളി പറഞ്ഞു.
Content Highlight: Aparna Balamurali about the direction Dhanush and Raayan movie