| Thursday, 12th September 2024, 8:59 am

നിനക്കിതൊന്നും മടുക്കുന്നില്ലേ എന്ന് സൂര്യ സാര്‍ അന്ന് എന്നോട് ചോദിച്ചു: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലൂടെ സിനിമാലോകത്തേക്കെത്തിയ നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികരാത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. അഭിനയത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറാന്‍ അപര്‍ണക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും അപര്‍ണ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും അപര്‍ണ സ്വന്തമാക്കി. ഡെക്കാണ്‍ എയറിന്റെ ഗോപിനാഥിന്റെ ജീവിതകഥയെ ആസ്പദമാക്കി സുധ ഒരുക്കിയ ചിത്രത്തില്‍ ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. മധുരൈ സ്ലാങ്ങില്‍ ഡബ്ബ് ചെയ്തതും അപര്‍ണ തന്നെയായിരുന്നു. റിലീസിന് ശേഷം നിരവധിപ്പേര്‍ അപര്‍ണയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്‍ വേളയില്‍ സൂര്യ തന്നെപ്പറ്റി പറഞ്ഞ കോംപ്ലിമെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ താന്‍ വളരെ സ്‌പെഷ്യലായിട്ടുള്ള നടിയാണെന്ന് സൂര്യ പറഞ്ഞെന്ന് അപര്‍ണ പറഞ്ഞു. ഷൂട്ടിനിടെ സുധാ കൊങ്കര പറയുന്നതെല്ലാം പെട്ടെന്ന് ചെയ്തുതീര്‍ത്തപ്പോള്‍ തനിക്കിതൊന്നും മടുക്കുന്നില്ലേ എന്ന് സൂര്യ തന്നോട് ചോദിച്ചെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അപര്‍ണ.

‘സൂരറൈ പോട്രിന്റെ പ്രൊമോഷന് നടക്കുന്ന സമയത്ത് സൂര്യ സാര്‍ ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുകയായിരുന്നു. ആ സമയത്ത് എന്നെപ്പറ്റി പറഞ്ഞത് ‘ദിസ് ഗേള്‍ ഈസ് വെരി സ്‌പെഷ്യല്‍’ എന്നാണ്. പടത്തിന്റെ സെറ്റില്‍ ഒരുദിവസം രാവിലെ തൊട്ട് രാത്രി വരെ നോണ്‍ സ്‌റ്റോപ്പ് ഷൂട്ടിങ് ഉണ്ടായിരുന്നു. ബ്രേക്കൊക്കെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുധാ മാം പെട്ടെന്ന് പോയി കോസ്റ്റ്യൂം മാറ്റിവരാന്‍ പറയുമ്പോള്‍ തന്നെ ഞാന്‍ ഓടിപ്പോയി കോസ്റ്റ്യൂം മാറ്റിയിട്ട് വരും. ആ സെറ്റില്‍ ഞാന്‍ ഓടിനടക്കുകയായിരുന്നു. ഞാന്‍ ഇങ്ങനെ ഓടുന്നത് കണ്ടിട്ട് സൂര്യ സാര്‍ എന്നോട് ‘നിനക്കിതൊന്നും മടുക്കുന്നില്ലേ’ എന്ന് ചോദിച്ചു. അത്രയും വൈബ്രന്റ് ആയി നിന്നതുകൊണ്ടാണെന്ന് തോന്നുന്നു പുള്ളി എന്നെപ്പറ്റി ഇന്റര്‍വ്യൂവില്‍ സംസാരിച്ചത്,’ അപര്‍ണ പറഞ്ഞു.

Content Highlight: Aparna Balamurali about Suriya’s comment during Soorarai Pottru

We use cookies to give you the best possible experience. Learn more