Entertainment
സിനിമാജീവിതത്തെ കാര്യമായി എടുത്തത് ആ ചിത്രത്തിന് ശേഷം: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 27, 09:22 am
Saturday, 27th July 2024, 2:52 pm

മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളസിനിമക്ക് സമ്മാനിച്ച നായികയാണ് അപര്‍ണ ബാലമുരളി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അപര്‍ണക്ക് സാധിച്ചു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് താരം നേടി.

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലുമായി 25ലധികം സിനിമകളില്‍ അപര്‍ണ ഭാഗമായി. ഒമ്പത് വര്‍ഷമായി സിനിമയിലുണ്ടെങ്കിലും ഇതാണ് ഇനി തന്റെ ജീവതമെന്ന് മനസിലാക്കിയത് സൂരറൈ പോട്രിന് ശേഷമാണെന്ന് അപര്‍ണ പറഞ്ഞു. ആ സിനിമ ചെയ്തതിന് ശേഷം ഇതാണ് തന്റെ പാഷനെന്ന് തിരിച്ചറിഞ്ഞെന്നും ഇനി സിനിമാഫീല്‍ഡ് ഉപേക്ഷിക്കില്ലെന്ന് തീരുമാനിക്കുകയും ചെയ്‌തെന്ന് താരം പറഞ്ഞു.

ആ സിനിമക്ക് വേണ്ടിയെടുത്ത തയാറെടുപ്പുകളും സുധാ കൊങ്കര തന്ന ട്രെയിനിങ്ങുമാണ് തനിക്ക് പ്രചോദനമായതെന്ന് അപര്‍ണ പറഞ്ഞു. അടുത്തിടെയാണ് തുടര്‍ച്ചയായി സിനിമകള്‍ കണ്ടുതുടങ്ങിയതെന്നും താരം പറഞ്ഞു. ഇതുവരെ ആക്ടിങ് ക്ലാസുകളിലൊന്നും പങ്കെടുക്കാതിരുന്ന താന്‍ ഈ സിനിമക്ക് ശേഷം ആക്ടിങ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘2015 മുതല്‍ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും ഈ ഫീല്‍ഡിനെ കാര്യമായി എടുത്ത് തുടങ്ങിയത് സൂരറൈ പോട്രിന് ശേഷമാണ്. അതുവരെ ഒരു സിനിമക്ക് വേണ്ടിയും ഞാന്‍ അധികം ഹോംവര്‍ക്ക് ചെയ്തിട്ടില്ല. ഇത്രയും കാലത്തിനിടക്ക് ആക്ടിങ് വര്‍ക്ക്‌ഷോപ്പുകള്‍ക്കോ ഓഡിഷനോ പോകാത്ത ഒരാളായിരുന്നു ഞാന്‍. സിനിമ ചെയ്യുക, പിന്നീട് റെസ്റ്റെടുക്കുക എന്നായിരുന്നു എന്റെ ലൈന്‍.

പക്ഷേ സൂരറൈ പോട്രിന്റെ സമയത്ത് സുധാ മാം തന്ന ട്രെയിനിങ്ങും ആ സിനിമയില്‍ നിന്ന് കിട്ടിയ എക്ല്പീരിയന്‍സും കണ്ടപ്പോള്‍ ഇതാണ് ഇനി എന്റെ പാഷനെന്ന് ഞാന്‍ തീരുമാനിച്ചു. എന്ത് വന്നാലും സിനിമാ ഫീല്‍ഡ് ഉപേക്ഷിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. ഈയിടെയാണ് ഞാന്‍ സിനിമകളൊക്കെ തേടിപ്പിടിച്ച് കാണാന്‍ തുടങ്ങിയത്. ഇനിയങ്ങോട്ട് ആക്ടിങ് ക്ലാസുകളിലും ഓഡിഷനുകളിലും പങ്കെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതെല്ലാം സൂരറൈ പോട്രിന് ശേഷമാണ്,’ അപര്‍ണ പറഞ്ഞു.

Content Highlight: Aparna Balamurali about Soorarai Pottru and Sudha Kongara