പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാപ്പ. നായിക കഥാപാത്രമായ പ്രമീളയെയാണ് ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ചത്. ചിത്രത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ ഒരു കഥാപാത്രമായി തന്നെയാണ് പ്രമീളയെ അവതരിപ്പിക്കുന്നത്.
ആദ്യം ഈ കഥാപാത്രത്തിനായി തെരഞ്ഞെടുത്തത് മഞ്ജു വാര്യരെയായിരുന്നു. പിന്നീടാണ് അപര്‍ണയെ കാസ്റ്റ് ചെയ്യുന്നത്. ചില സാഹചര്യം കൊണ്ടാണ് മഞ്ജുവിന് ചിത്രം ചെയ്യാന്‍ കഴിയാതിരുന്നതെന്നും താരം ചെയ്യാനിരുന്ന ഈ റോളിലേക്ക് തന്നെ വിളിച്ചത് പേഴ്‌സണലി സന്തോഷം തരുന്ന കാര്യമാണെന്നും അപര്‍ണ പറഞ്ഞു.
വളരെ ആസ്വദിച്ച് ചെയ്ത സിനിമയാണ് കാപ്പയെന്നും ആദ്യം തനിക്ക് പേടി ഉണ്ടായിരുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിലാണ് നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”കാപ്പ സിനിമയുടെ വലിയ ക്രൂവിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്നെ സംബന്ധിച്ച് വലിയ ആകാംക്ഷ ഉളവാക്കുന്ന കാര്യമാണ്. നാഷണല്‍ അവാര്‍ഡ് കിട്ടിയ ഉടനെയാണ് ഞാന്‍ ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്.
കാപ്പയിലേക്ക് വിളിച്ചത് വളരെ സന്തോഷം തന്ന മൊമന്റായിരുന്നു. ആദ്യം എനിക്ക് പകരം മഞ്ജു ചേച്ചിയായിരുന്നു ഈ റോള്‍ ചെയ്യേണ്ടിയിരുന്നത്. മഞ്ജു ചേച്ചിയെ പോലെ ഒരു നടി ചെയ്യാനിരുന്ന റോളിലേക്ക് എന്നെ വിളിച്ചത് പേഴ്‌സണലി എനിക്ക് ഒരുപാട് സന്തോഷം തന്ന കാര്യമായിരുന്നു. എന്തോ സാഹചര്യം കൊണ്ടാണ് ചേച്ചി ചെയ്യാതിരുന്നത്.
ഞാന്‍ ഇത്രയും ആസ്വദിച്ച് ചെയ്ത മൂവി അടുത്ത കാലത്ത് വേറെ ഇല്ല. ഷാജി കൈലാസിനെ പോലെ ഒരു വലിയ ഡയറക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ആദ്യം എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ സാര്‍ വളരെ കൂള്‍ ആയിരുന്നു.
വയലന്‍സിനെ ഒട്ടും ഗ്ലോറിഫൈ ചെയ്യാത്ത സിനിമയാണ് കാപ്പ. തിരുവന്തപുരത്ത് വെച്ച് ആദ്യമായിട്ടാണ് എന്റെ ഒരു സിനിമ ഷൂട്ട് ചെയ്യുന്നത്. ഡയലോഗിലെ ഓരോ വാക്കുകളും വളരെ വ്യത്യസ്തമായിട്ടാണ് പറയുന്നത്.
അതെനിക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഡബ്ബിങ്ങ് ഒക്കെ ആയപ്പോഴേക്കും ഞാന്‍ സുഹൃത്തുക്കളോടെല്ലാം ചോദിച്ച് കുറച്ച് പഠിച്ചുവെച്ചു,” അപര്‍ണ ബാലമുരളി പറഞ്ഞു.
അതേസമയം, കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആര്‍ ഇന്ദുഗോപന്റെ പ്രശസ്തമായ കഥയായ ശംഖുമുഖിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
CONTENT HIGHLIGHT: aparna balamurali about manju warrier and kaappa movie