|

ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, മറുവശത്ത് ഐ.പി.എല്‍, അത് അംഗീകരിക്കാനായില്ല: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദല്‍ഹിയില്‍ സമരം ചെയ്ത ഗുസ്തി താരങ്ങളെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. ആഗോളതലത്തില്‍ ഇന്ത്യക്കായി മെഡല്‍ വാങ്ങിയവരെ വലിച്ചിഴക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്ന് അപര്‍ണ പറഞ്ഞു. ആ സമയത്ത് ഐ.പി.എല്ലും മറുവശത്ത് നടക്കുന്നുണ്ടായിരുന്നുവെന്നും രണ്ടും ഒരുമിച്ച് കാണുന്നത് അംഗീകരിക്കാനായില്ല എന്നും മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘അവരെ പൊലീസ് കൈകാര്യം ചെയ്ത രീതിയാണ് എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത്. ആ വിഷയം സംസാരിക്കണ്ട എന്നാണെങ്കില്‍ പല രീതിയില്‍ അതിനെ ഹാന്‍ഡില്‍ ചെയ്യാമായിരുന്നു. മര്യാദക്കിരുന്ന് സംസാരിച്ചിരുന്നെങ്കില്‍ ഈ വിഷയം ഇത്രയും വഷളാവില്ലായിരുന്നു. ഭയങ്കര മോശമായാണ് അവരോട് പെരുമാറിയത്.

നമ്മുടെ രാജ്യത്തിനെ ആഗോളതലത്തില്‍ പ്രതിനിധീകരിച്ചവരാണ്, മെഡലുകള്‍ വാങ്ങിയവരാണ്. അങ്ങനെയുള്ള ആളുകളോട് ഒരു തരത്തിലുമുള്ള ബഹുമാനവും ഇല്ലാതെ പെരുമാറുന്നത് കണ്ടപ്പോള്‍ ഭയങ്കര സങ്കടം തോന്നി. ഐ.പി.എല്ലും ഇതും ഏകദേശം ഒരുമിച്ചായിരുന്നു നടന്നിരുന്നത്.

ഐ.പി.എല്‍. നിറഞ്ഞുനില്‍ക്കുന്നു, ഞാനും കാണുന്നതാണ്, എന്നാല്‍ വളരെയധികം ദുഖം തോന്നി. ഇന്ത്യയില്‍ ഒരു വശത്ത് ഗുസ്തി താരങ്ങളെ വലിച്ചിഴക്കുന്നു, ഒരു വശത്ത് ഐ.പി.എല്‍. അത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായി തോന്നി.

യുവം പരിപാടിയില്‍ പങ്കെടുത്തതിന്റെ ചൂട് കഴിഞ്ഞിട്ടില്ല, ഇത് കൊടുക്കേണ്ടിയിരുന്നില്ല എന്ന് അച്ഛന്‍ തന്നെ പറഞ്ഞു. യാതൊരു രാഷ്ട്രീയവും നോക്കിയിട്ടല്ല ഞാന്‍ ഇത് പോസ്റ്റ് ചെയ്തത്. അവരെ വലിച്ചിഴച്ചതും ഒരു വിലയും കൊടുക്കാതെ പെരുമാറിയതും തെറ്റായിരുന്നു. അതില്‍ ഞാന്‍ വേറെ ഒന്നും നോക്കുന്നില്ല. അങ്ങനത്തെ കാര്യങ്ങളില്‍ രണ്ടാമതൊരു ആലോചനയില്ല.

സത്യമെന്താണെന്ന് അറിയാത്ത ചില കാര്യങ്ങളുണ്ട്. ഒന്ന് ആലോചിച്ച് അതിനെ പറ്റിയുള്ള സത്യമെന്താണെന്ന് അറിഞ്ഞിട്ടേ അതിനെ പറ്റി സംസാരിക്കുകയുള്ളൂ. ഇത് കണ്‍മുമ്പില്‍ കാണുന്ന കാര്യമാണ്. അത് വളരെയധികം തെറ്റായി തോന്നി. ഇന്‍സ്റ്റഗ്രാമിലിട്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നത് കൊണ്ടല്ല. പക്ഷേ ഇത് തെറ്റാണെന്ന് എനിക്ക് പറയണമായിരുന്നു,’ അപര്‍ണ ബാലമുരളി പറഞ്ഞു.

Co0ntent Highlight: aparna balamurali about her post supporting wrestlers