| Wednesday, 5th October 2022, 1:36 pm

നയന്‍താര മാഡത്തിന് കിട്ടുന്ന അതേ സാലറി വേണമെന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ പ്രതിഫലവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വേര്‍തിരിവുകളെ കുറിച്ചുള്ള തന്റെ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ അപര്‍ണ ബാലമുരളി. ‘ന്യായമായ വേതനം’ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അത് ‘തുല്യമായ പ്രതിഫല’മെന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും അപര്‍ണ പറഞ്ഞു.

ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും തന്റെ അതേ എക്‌സ്പീരിയന്‍സുള്ള പുരുഷ അഭിനേതാവിന് ലഭിക്കുന്ന ശമ്പളം കേട്ട് താന്‍ ഞെട്ടിപ്പോയിരുന്നുവെന്നുമാണ് അപര്‍ണ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത്തരം വിവേചനങ്ങള്‍ സിനിമയിലുണ്ടാകരുതെന്നും താരം പറഞ്ഞിരുന്നു.


ഈ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും ജോലി ചെയ്യുന്ന ഏതൊരാള്‍ക്കും ന്യായമായ ശമ്പളം ലഭിക്കേണ്ടതുണ്ടെന്നുമാണ് അപര്‍ണ ഇപ്പോള്‍ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഒരു ഇന്റര്‍വ്യൂവര്‍ ചോദിച്ചിട്ടാണ് ഞാന്‍ എന്റെ കുറെ കാഴ്ചപ്പാടുകള്‍ പറഞ്ഞത്. അങ്ങനെയാണ് ആ ചര്‍ച്ച തുടങ്ങിയത്. അക്കാര്യങ്ങള്‍ പറഞ്ഞതില്‍ എനിക്കൊരു പ്രശ്‌നവും വിഷമവുമൊന്നും ഇതുവരെ തോന്നിയിട്ടില്ല.

പക്ഷെ ആ പറഞ്ഞ കാര്യം പലയിടത്തും എത്തിയത് തെറ്റായ രീതിയിലായിരുന്നു. അതുകൊണ്ടാണ് പലരും തെറ്റിദ്ധരിപ്പിക്കപ്പെട്ടത്. ഞാന്‍ പറയുന്ന കാര്യം എന്താണ് എന്ന് പോലും നോക്കാതെയാണ് പലരുടെയും പ്രതികരണം.

പ്രതിഫലത്തെ കുറിച്ച് ഞാന്‍ അന്ന് സംസാരിച്ചപ്പോള്‍ ന്യായം എന്ന വാക്കായിരുന്നു ഉപയോഗിച്ചത്. പക്ഷെ അത് പലയിടത്തും തുല്യം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

ഞാനും നയന്‍താര മാഡവും ഒരു സിനിമ ചെയ്യുമ്പോള്‍ എനിക്ക് അവരുടെ അത്രയും സാലറി വേണമെന്ന് ഒരിക്കലും പറയാനാകില്ല. അവരുടെ അനുഭവസമ്പത്തും മാര്‍ക്കറ്റ് വാല്യുവും വേറെ തന്നെയാണ്.

ചെയ്യുന്ന ജോലിക്ക് ന്യായമായ ശമ്പളം വേണമെന്നാണ് ഞാന്‍ പറയുന്നത്. അത് സിനിമയിലെ ഏത് ഡിപ്പാര്‍ട്ട്‌മെന്റിലായാലും അങ്ങനെയായിരിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്,’ അപര്‍ണ ബാലമുരളി പറയുന്നു.

ഇനി ഉത്തരം ആണ് അപര്‍ണയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. അപര്‍ണ ബാലമുരളിയും കലാഭവന്‍ ഷാജോണും കേന്ദ്ര കഥാപത്രങ്ങളാകുന്ന സിനിമയില്‍ ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ചന്തു നാഥ്, ഷാജു ശ്രീധര്‍, ജയന്‍ ചേര്‍ത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും അഭിനയിക്കുന്നു.

എ ആന്റ് വി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബാണ് സംഗീതം ഒരുക്കുന്നത്.

Content Highlight: Aparna Balamurali about her fair pay statement and Nayanthara

We use cookies to give you the best possible experience. Learn more