ലുഡോ കളിച്ച് തോറ്റാല്‍ പോലും ദേഷ്യം വരുന്നൊരാളാണ് താനെന്ന് നടി അപര്‍ണ ബാലമുരളി. താന്‍ നല്ല മത്സരബുദ്ധിയുള്ള ആളാണെന്നും അതുകൊണ്ട് തന്നെ തോല്‍ക്കുന്നത് തീരെ സഹിക്കാന്‍ പറ്റാത്തയാളാണെന്നും നടി പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ മത്സരിക്കുന്ന ഇനങ്ങളില്‍ സമ്മാനം ലഭിക്കാറുണ്ടെന്ന് പറഞ്ഞ അപര്‍ണ അതുതന്നെയാകാം മത്സരബുദ്ധിക്ക് കാരണമെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘അമ്മയും അച്ഛനും ഒന്നും അത്ര പ്രഷര്‍ ഇതുവരെ തന്നിട്ടില്ല. അവരെപ്പൊഴും എന്റെയടുത്ത് എന്താണ് വേണ്ടതെന്ന് വെച്ചാല്‍ അത് ചെയ്‌തോ എന്ന് പറയും. എന്തെങ്കിലും ഒക്കെ ആകണമെന്നോ, പഠിപ്പില്‍ ഫുള്‍ എ പ്ലസ് വേണമെന്നോ അമ്മയും അച്ഛനും ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് അങ്ങനൊരു പ്രഷര്‍ ചെറുപ്പം മുതലേ എനിക്ക് ഉണ്ടായിട്ടില്ല.
പക്ഷേ ഞാന്‍ ഭയങ്കര മത്സരബുദ്ധിയുള്ളയാളായിരുന്നു. ഞാന്‍ രണ്ടാം ക്ലാസ് മുതലേ ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയിരുന്നു. ദോഹയില്‍ നിന്ന് ആദ്യമായി ഡാന്‍സ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ എനിക്ക് സമ്മാനം ലഭിച്ച് തുടങ്ങി. അതുകൊണ്ടാകാം ഈ മത്സര ബുദ്ധി വന്നത്.
വീട്ടിലിരുന്ന് സുഹൃത്തുക്കളോടൊപ്പം വെട്ട് ഡോങ്കി കളിച്ച് തോറ്റു കഴിഞ്ഞാല്‍ വരെ തല്ലുകൂടുന്നയാളാണ്. ഞാന്‍ തോല്‍ക്കുന്നത് എനിക്ക് അത്രയും സഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് പേടിയായി. എന്റെ കൂടെയൊന്നും അവര്‍ കളിക്കാറില്ല ഇപ്പോള്‍.
എന്തെങ്കിലും ഗെയിംസ് ഒക്കെ കളിക്കാം എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ നീ കുറച്ച് ട്രിഗറാകുന്ന ഗെയിമാണ് അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞിട്ട് മാറ്റി വെക്കും ലുഡോ കളിച്ച് തോറ്റാല്‍ വരെ എനിക്ക് ദേഷ്യം വരും.
എനിക്ക് തോന്നുന്നു ഇതൊക്കെ ഞാനായിട്ട് വരുത്തിയൊരു ഭാരമാണ്. പണ്ട് മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ ഡാന്‍സിനാണ് പ്രധാനമായിട്ടും മത്സരിക്കുന്നത്. പാട്ടുമുണ്ട്. മാക്‌സിമം പത്ത് ഐറ്റത്തിന് മാത്രമേ പങ്കെടുക്കാവു എന്ന് പറഞ്ഞാല്‍ പത്ത് എണ്ണത്തിനും ഞാന്‍ പങ്കെടുക്കും. അതെല്ലാം ചെയ്തിട്ടുമുണ്ട്. ഞാനായിട്ട് എനിക്ക് വേണം എന്ന് പറഞ്ഞിട്ട് പഠിച്ചതാണ് ഡാന്‍സ്. അതെന്റെ ലൈഫിന്റെ വലിയ ഭാഗമായിരുന്നു,’ അപര്‍ണ പറഞ്ഞു.
താന്‍ പണ്ട് മറ്റുള്ളവരെ ആശ്രയിക്കുന്നൊരാളായിരുന്നുവെന്നും ഇപ്പോള്‍ ഒറ്റക്ക് ജീവിക്കാനുള്ള കഴിവുണ്ടെന്നും താരം പറഞ്ഞു. ബാങ്കില്‍ പോയാല്‍ എന്ത് ചെയ്യണമെന്ന് വരെ അറിയാത്ത അവസ്ഥയായിരുന്നുവെന്നും അപര്‍ണ പറഞ്ഞു.
‘എനിക്കിപ്പോള്‍ ഒറ്റക്ക് ജീവിക്കാനുള്ള കഴിവുണ്ട്. ഞാന്‍ മറ്റുള്ളവരെ മാത്രം ആശ്രയിക്കുന്ന ഒരാള്‍ ആയിരുന്നു. കാരണം എല്ലാത്തിനും എന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഒരു സാഹചര്യത്തില്‍ അവര്‍ ഇല്ലാതെ വരുമ്പോള്‍ ഞാന്‍ ഒറ്റക്ക് ചെയ്യേണ്ടുന്ന പലതും ചെയ്യാന്‍ എനിക്കറിയില്ലായിരുന്നു. ഉദാഹരണം ഒരു ബാങ്കില്‍ പോയാല്‍ എന്ത് ചെയ്യണമെന്ന് വരെ അറിയാത്ത അവസ്ഥയായിരുന്നു.
നമ്മളൊക്കെ മനുഷ്യന്മാരാണ്, എപ്പോഴും എല്ലാവരും കൂടെ ഉണ്ടാകണമെന്നില്ല. എല്ലാവരും കൂടെ ഉള്ളപ്പോള്‍ നമ്മള്‍ ആരും അതിനെപ്പറ്റി ചിന്തിക്കുന്നില്ല. ഇപ്പോഴും കൂടെ ഉള്ളവര്‍ ഇല്ലാതാകുമ്പോള്‍ എന്ത് ചെയ്യും എന്ന് കൂടി നമ്മള്‍ ചിന്തിക്കണം. അതിന് വേണ്ടി എല്ലാവരും സ്വന്തമായി വര്‍ക്ക് ചെയ്യുകയും സമ്പാദിക്കുകയും ചെയ്യണം. സിനിമ ഇല്ലെങ്കില്‍ എന്ത് ചെയ്യണമെന്നുള്ള പ്ലാന്‍ എനിക്കുണ്ട്. എല്ലാവര്‍ക്കും അത്തരത്തിലുള്ള പ്ലാനുകള്‍ വേണം. ഞാന്‍ ഇപ്പോള്‍ രണ്ട് വര്‍ഷത്തോളമായി ഒറ്റക്ക് താമസിക്കുന്നു,’ അപര്‍ണ പറഞ്ഞു.
content highlights: aparna balamurali about cpmpetitive mind