| Saturday, 31st December 2022, 4:23 pm

ദേശീയ അവാര്‍ഡ് ലഭിച്ച തനിക്ക് ഇത്രയും ചെറിയ കഥാപാത്രത്തെയാണോ തന്നതെന്ന് ആള്‍ക്കാര്‍ ചോദിക്കില്ലേ?; ജൂഡ് ആന്തണിയുടെ ചോദ്യത്തെ കുറിച്ച് അപര്‍ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ഒരു കറുത്ത അധ്യായമായിരുന്നു 2018. കേരളക്കര കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രളയം നേരിട്ട വര്‍ഷമായിരുന്നു അത്. അന്നത്തെ വെള്ളപ്പൊക്കത്തെയും ആളുകളുടെ അതിജീവനത്തേയും ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018. മലയാളത്തിലെ നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമായിട്ടുണ്ട്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തെയും മറ്റു കഥാപാത്രങ്ങളെയും കുറിച്ച് പറയുകയാണ് നടി അപര്‍ണ ബാലമുരളി. പോപ്പര്‍‌സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.

‘2018 ല്‍ എന്റേത് വളരെ ചെറിയൊരു ക്യാരക്ടര്‍ ആണ്. നാഷണല്‍ അവാര്‍ഡ് ഒക്കെ മേടിച്ചിട്ട് നിന്നെ കൊണ്ട് ഇത്രയേ ചെയ്യിപ്പിച്ചൊള്ളു എന്ന് സിനിമ കണ്ട ശേഷം ആള്‍ക്കാള്‍ എന്നോട് ചോദിക്കുമോ’ എന്ന് ജൂഡേട്ടന്‍ ഇടക്കിടെ പറയുമായിരുന്നു.

പക്ഷെ എന്നെ സംബന്ധിച്ച് അങ്ങനെ അല്ലായിരുന്നു. നമ്മുടെ നാട് കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തം. നമ്മള്‍ നേരിട്ട് കണ്ട കാര്യങ്ങളെ പിക്ച്ചറൈസ് ചെയ്യുന്ന ഒരു സിനിമയാണ് 2018. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രം എന്താണെന്നുള്ളത് എനിക്ക് വിഷയമേയല്ലായിരുന്നു.
അങ്ങനെ ഒരു സിനിമയുടെ ഭാഗമാവാന്‍ എനിക്ക് ഇഷ്ടമാണ്.

ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയായിട്ടാണ് ഞാന്‍ എത്തുന്നത്. അങ്ങനെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രമല്ല. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള കഥാപാത്രമൊന്നുമല്ല. ഇത്രയും വലിയൊരു ഒരു സിനിമയുടെ ഭാഗമാവുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് വലിയ കാര്യം.

ടൊവി ചേട്ടനായാലും ആസിഫ് ഇക്ക ആണേലും സിനിമയ്ക്ക് വേണ്ടി ഭയങ്കരമായി പണിയെടുത്തിട്ടുണ്ട്. എനിക്കത്രയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിനിമയെ പൂര്‍ണതയിലെത്തിക്കാന്‍ ജൂഡേട്ടനും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഞാന്‍ ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ നൂറില്‍ അധികം ആളുകളെ ഇനിയും ഡബ്ബ് ചെയ്യിക്കാന്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വലിയ എഫേര്‍ട്ടാണ് സിനിമയ്ക്ക് വേണ്ടി അദ്ദേഹം എടുത്തത്, അപര്‍ണ പറഞ്ഞു.

ജൂഡ് ആന്റണി ജോസഫ്-അഖില്‍ പി. ധര്‍മ്മജന്‍ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ടൊവിനൊ പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രം 2023 ലാണ് റിലീസ് ചെയ്യുന്നത്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍ റാം, വിനീത് ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Aparna Balamurali about 2018 Movie and her Character

We use cookies to give you the best possible experience. Learn more