തങ്കം, 2018 എന്നീ സിനിമകള്‍ എന്തിനാണ് ചെയ്തതെന്ന് സുഹൃത്തുക്കള്‍ ചോദിച്ചിരുന്നുവെന്ന് നടി അപര്‍ണ ബാലമുരളി. എന്നാല്‍ ഈ സിനിമകളില്‍ വ്യക്തിപരമായി താന്‍ സന്തോഷവതിയാണെന്ന് താരം പറഞ്ഞു. ഒരുപാട് വര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്ത നല്ല സിനികളുടെ കൂട്ടത്തില്‍ ഈ സിനിമകളും ഉണ്ടാകുമെന്നും അപര്‍ണ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘തങ്കത്തിലും 2018ലും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ ചോദിച്ച ചോദ്യമാണ് ഇത്രയല്ലേയുള്ളൂ എന്തിനാണ് ചെയ്തതെന്ന്. എനിക്ക് വ്യക്തിപരമായി ഏറ്റവും സന്തോഷം തോന്നുന്ന കാര്യമാണ് നല്ല സിനിമകളുടെ ഭാഗമാകുകയെന്നത്. പേഴ്‌സണലി ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഇനി കുറേ വര്‍ഷം കഴിഞ്ഞ് സിനിമയില്‍ അഭിനയിക്കാത്ത പ്രായമുണ്ടെങ്കില്‍, അപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ ചെയ്ത നല്ല സിനിമകളില്‍ എപ്പോഴും ഈ സിനിമകളൊക്കെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ്,’ അപര്‍ണ പറഞ്ഞു.
ഷൂട്ട് ചെയ്യുന്ന സമയത്ത് പ്രശ്നങ്ങള്‍ തോന്നിയിട്ടുള്ള സിനിമകളുണ്ടായിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു. വളരെ ആവേശത്തോടെ തുടങ്ങുന്ന സിനിമകള്‍ വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോകുന്നതെന്ന് അപ്പോഴായിരിക്കും മനസിലാവുക എന്നും നടി പറഞ്ഞു.
‘സുന്ദരി ഗാന്‍ഡന്‍സില്‍ പലരും പറഞ്ഞതുപോലെ ചില പ്രശ്നങ്ങളുണ്ട്. എന്നാലും എനിക്ക് ആ കഥാപാത്രത്തിനോട് ഭയങ്കര അറ്റാച്ച്മെന്റ് ഉണ്ടായിരുന്നു. അതുകൊണ്ട് അത് ചെയ്യണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടമുള്ളത് സുന്ദരി ഗാര്‍ഡന്‍സിലെ സാറാ മാത്യൂസ് എന്ന കഥാപാത്രമാണ്, പ്രത്യേകിച്ചും മലയാളത്തില്‍.
എനിക്ക് ആ കഥാപാത്രത്തോട് കണക്റ്റ് ചെയ്യാന്‍ പറ്റി. ഒരു അളവ് വരെ അത് നന്നായി ചെയ്യാനും പറ്റി. ആ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഭയങ്കര സന്തോഷം തോന്നി. പക്ഷേ സിനിമയില്‍ പല പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തെ നോക്കുമ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ആ സിനിമയും എന്റെ ഫേവറിറ്റാണ്,’ അവര്‍ പറഞ്ഞു.
പദ്മിനി എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്റെ അഭിനയത്തെക്കുറിച്ചും താരം പറഞ്ഞു. ഒരു പ്രായത്തില്‍പ്പെട്ടവര്‍ക്ക് കാണാന്‍ പറ്റുന്ന ഒരു റൊമാന്‍സാണ് ഇതില്‍ കാണിക്കുന്നതെന്നും അപര്‍ണ പറഞ്ഞു.
‘സിനിമയില്‍ ചാക്കേച്ചന്റെ റൊമാന്‍സ് സീന്‍ ഒരുപാടുണ്ട്. ടീസറിലാണെങ്കിലും ചാക്കോച്ചന്റെ മൂണ്‍വാക്ക് മാര്‍ക്ക് ചെയ്തിട്ടാണ് എല്ലാവരും കമന്റ് ചെയ്യുന്നത്. അങ്ങനെയുള്ള കുറേ നല്ല മൊമെന്റ്‌സ് ഉണ്ടെങ്കിലും നിറം, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളിലെ ഹാര്‍ട്ട് കോര്‍ പ്രേമത്തില്‍ നിന്ന് വളരെ റിയലിസ്റ്റിക്കായി ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന, പ്രത്യേകിച്ച് ഒരു പ്രായത്തില്‍ പെട്ടവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു റൊമാന്‍സാണ് ഇതില്‍ കാണിക്കുന്നത്. അതെനിക്ക് ഭയങ്കരം ഇന്ററസ്റ്റിങ്ങായി തോന്നിയ ഒരു ഫാക്ടറാണ്,’ അപര്‍ണ പറഞ്ഞു.
പദ്മിനിയാണ് ഉടന്‍ റിലീസിന് ഒരുങ്ങുന്ന അപര്‍ണയുടെ ചിത്രം. സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ കൂടാതെ വിന്‍സി അലോഷ്യസ്, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
CONTENT HIGHLIGHTS: APARNA BALAMURALI ABOUT 2018 MOVIE