ആ കഥാപാത്രം എന്തിന് ചെയ്തു എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവരുടെ ടീമില്ലെങ്കില്‍ ഞാനിന്ന് സിനിമയിലില്ല: അപര്‍ണ ബാലമുരളി
Malayalam Cinema
ആ കഥാപാത്രം എന്തിന് ചെയ്തു എന്ന് പലരും ചോദിച്ചിട്ടുണ്ട്, അവരുടെ ടീമില്ലെങ്കില്‍ ഞാനിന്ന് സിനിമയിലില്ല: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 24th May 2023, 11:44 am

 

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഉണ്ണിമായ എന്നിവരടങ്ങുന്ന ടീം ഇല്ലെങ്കില്‍ താനിന്ന് സിനിമയില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് അപര്‍ണ ബാലമുരളി. തനിക്ക് സംതൃപ്തി തോന്നുന്നവരോടൊപ്പമാണ് താന്‍ ജോലി ചെയ്യാറെന്നും ഇന്ത്യ ഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘തങ്കം സിനിമയില്‍ ഞാന്‍ ചെയ്ത വേഷത്തെപ്പറ്റി പലരും എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാണ് ആ വേഷം ചെയ്തതെന്നൊക്കെ. എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട് ആ ടീമിനോട്. അവരില്ലായിരുന്നെങ്കില്‍ ഞാനിന്നുണ്ടാകുമായിരുന്നില്ല. അതെല്ലാവര്‍ക്കുമറിയുന്നൊരു സത്യമാണ്.

ഉണ്ണിമായ മാം ആണെങ്കിലും, ദിലീഷേട്ടന്‍, ശ്യാമേട്ടന്‍ ഇവരൊന്നുമില്ലെങ്കില്‍ ഞാന്‍ എന്ന നടിയില്ല. എനിക്കെന്തിലാണോ സംതൃപ്തി തോന്നുന്നത് അത് ഞാന്‍ ചെയ്യും. മറ്റൊന്നിനെപ്പറ്റിയും ഞാന്‍ ചിന്തിക്കാറില്ല. ഒരു സിനിമയുടെ ഭാഗമാകുന്നതില്‍ എനിക്ക് സന്തോഷമുണ്ടെങ്കില്‍ ഞാന്‍ അത് ചെയ്യും. എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനയെന്നത് ഞാന്‍ ചെയ്യുന്ന ജോലി ഒരു കാരണവശാലും നിന്നു പോകരുതെന്നാണ്.

2018 എന്ന സിനിമയുടെ ഭാഗമായപ്പോള്‍ തന്റെ കഥാപാത്രത്തിന്റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചില്ലെന്നും സംവിധായകന്‍ തന്റെ കഥാപാത്രത്തെ വളരെ നല്ല രീതിയിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നതെന്നും അപര്‍ണ പറഞ്ഞു.

‘2018’പോലുള്ള വലിയ സിനിമയുടെ ഭാഗമായപ്പോള്‍, എന്റെ കഥാപാത്രത്തിന്റെ വലുപ്പത്തെക്കുറിച്ചല്ല ആലോചിച്ചത്, മറിച്ച് എന്റെ സിനിമാ കരിയറില്‍ ഈ സിനിമക്ക് എത്രത്തോളം പ്രാധാന്യം ഉണ്ടാവുമെന്നതാണ്. 2018ലെ എന്റെ കഥാപാത്രം ഒരു റിപ്പോര്‍ട്ടര്‍ ആയതുകൊണ്ട്, കഥാപാത്രത്തിനുവേണ്ടിയുള്ള മുന്നൊരുക്കം എന്ന നിലയില്‍ ഒരുപാട് ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോസ് കണ്ടിരുന്നു.

ലൈവ് റിപ്പോര്‍ട്ടിങ് ചെയ്യുമ്പോള്‍ ഒരുപാട് റിസ്‌ക്കുകളുണ്ട്. പ്രത്യേകിച്ചും പ്രളയം പോലെയൊരു സാഹചര്യത്തില്‍. എന്ത് പറയുന്നു എന്നതും അതെങ്ങനെ പറയുന്നുവെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ‘2018’ലെ സെറ്റില്‍ പോയാല്‍ തന്നെ ആ ഒരു മൂഡിലേക്ക് നമ്മള്‍ താനേ വന്നോളും. എന്റെ കഥാപാത്രത്തെ വളരെ നല്ല രീതിയിലാണ് സംവിധായകന്‍ ട്രീറ്റ് ചെയ്തിരിക്കുന്നത്.

എനിക്ക് ഡയലോഗ്‌സ് എഴുതിത്തരുമെങ്കിലും അത് പഠിച്ച് പറയുന്നത് പോലെ ഒരിക്കലും തോന്നരുത്. കുറച്ച് ദിവസമേ ഷൂട്ടിങ് ഉണ്ടായിരുന്നെങ്കിലും ഞാന്‍ വളരെ എന്‍ജോയ് ചെയ്തിരുന്നു,’ നടി പറഞ്ഞു.

അപര്‍ണ ബാലമുരളിയുടെ ഒടുവിലിറങ്ങിയ സിനിമയാണ് 2018. ചിത്രം ഇതിനോടകം നൂറ് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

Content Highlights: Aparna Balamurali about Dileesh Pothan, Shyam Pushkaran