| Thursday, 22nd June 2023, 11:57 pm

ബെന്‍സ് തന്നെ വാങ്ങിയതിന്റെ ലോണ്‍ അടച്ചുതീര്‍ന്നില്ല, ഈ ഗൂഗിള്‍ സെര്‍ച്ച് എന്നെ ഞെട്ടിച്ചു: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വയം ഗൂഗിളില്‍ സെര്‍ച്ച് ചെയ്തുനോക്കിയിട്ടുണ്ടെന്ന് നടി അപര്‍ണ ബാലമുരളി. ഓഡിഷന് പോവുമ്പോള്‍ നേരത്തെ ചെയ്ത സിനിമകള്‍ ഏതാണെന്ന് നോക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും ചിലപ്പോള്‍ തെറ്റായ വിവരങ്ങളും കാണാറുണ്ടെന്നും റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘എന്നെ പറ്റി ഞാന്‍ തന്നെ ഗൂഗിള്‍ ചെയ്തിട്ടുണ്ട്. ഡീറ്റെയ്ല്‍സ് അയക്കേണ്ട എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിലോ അല്ലെങ്കില്‍ ഓഡിഷന് പോവുമ്പോള്‍ നേരത്തെ ഏതൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട് എന്നോ നോക്കണമെങ്കില്‍ വിക്കിപീഡിയയില്‍ ഉണ്ടാവും. തെറ്റായ ഇന്‍ഫര്‍മേഷന്‍സും കാണാറുണ്ട്,’ അപര്‍ണ പറഞ്ഞു.

ഡസ് അപര്‍ണ ബാലമുരളി ഹാവ് എ പ്രൈവറ്റ് ജെറ്റ് എന്ന് അപര്‍ണയെ പറ്റി ഒരു ഗൂഗിള്‍ സെര്‍ച്ചുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അയ്യോ പിന്നെ ഞാന്‍ ആരായി എന്നായിരുന്നു അപര്‍ണയുടെ പ്രതികരണം.

‘ബെന്‍സ് തന്നെ വാങ്ങിച്ചതിന്റെ ലോണ്‍ അടച്ചുതീരുന്നേയുള്ളൂ. പ്രൈവറ്റ് ജെറ്റ് ആവുന്നേയുള്ളൂ. ഇത് കേട്ടപ്പോള്‍ ഞെട്ടി. ഇങ്ങനെ ഞാന്‍ കണ്ടിട്ടില്ല,’ അപര്‍ണ പറഞ്ഞു.

ഒരു സിനിമാ പേര് സ്വന്തം പേരിനൊപ്പം ചേര്‍ക്കാന്‍ ഓപ്ഷന്‍ കിട്ടിയാല്‍ ഏതായിരിക്കും എന്ന ചോദ്യത്തിന് മഹേഷിന്റെ പ്രതികാരം എന്നായിരുന്നു അപര്‍ണയുടെ ഉത്തരം.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ധൂമമാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന അപര്‍ണയുടെ ചിത്രം. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, വിനീത്, അച്യുത് കുമാര്‍, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘ധൂമം’ തിയേറ്ററുകളില്‍ എത്തിക്കുന്നത്. 23 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ധൂമം റിലീസ് ചെയ്യും.

Content Highlight: aparna balamurai about google searches regarding herself

We use cookies to give you the best possible experience. Learn more