താൻ ചെയ്യുന്ന ചിത്രം ആണെങ്കിൽ ഒരിക്കലും ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിടില്ലായിരുന്നെന്ന് നടി അപർണ ബാലമുരളി. സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ കാണും, എന്തൊക്കെ ചെയ്തിട്ടും സിനിമക്ക് ക്വാളിറ്റി ഇല്ലെങ്കിൽ പ്രേക്ഷകർ കാണില്ലെന്നും താരം പറഞ്ഞു. ബിഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അപർണ.
‘തിയേറ്ററിൽ ഹനുമാന് വേണ്ടി സീറ്റൊഴിച്ചിടുക എന്ന കാര്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കറിയില്ല. അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. അവർക്ക് അങ്ങനെ തോന്നി അവർ ചെയ്‌തു. അതിൽ പ്രത്യേകിച്ച് നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പക്ഷെ ഞാൻ ആണ് ആ ചിത്രം ചെയ്യുന്നതെങ്കിൽ അങ്ങനെ ചെയ്യില്ല.
ഞാൻ എപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ വർക്ക് നന്നായി ചെയ്യണമെന്നാണ്. അതിന്റെ റിസൾട്ട് എപ്പോഴും പ്രേക്ഷകരിൽ നിന്നും കിട്ടും. സിനിമ നല്ലതാണെകിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന് ഒരു ചോദ്യം ഉയരും. നല്ല ചിത്രങ്ങൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. എന്തൊക്കെ ചെയ്തിട്ടും സിനിമക്ക് ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ കാണില്ല. നമ്മുടെ പ്രേക്ഷകർ ബുദ്ധിയുള്ളവരാണ്. അവർ നന്നായി വിലയിരുത്താൻ കഴിവുള്ളവരാണ്. അതുകൊണ്ടുതന്നെ എന്തൊക്കെ കാര്യങ്ങൾ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമയെ സ്വാധീനിക്കാൻ പോകുന്നില്ല,’ അപർണ പറഞ്ഞു.
ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമായ ധൂമം ആണ് അപർണയുടെ പുതിയ ചിത്രം. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, അച്യുത് കുമാര്‍, ജോയ് മാത്യു, അനു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് മേക്കര്‍ പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. മാസ്റ്റര്‍ ഓഫ് ഇന്‍ഡ്യന്‍ സിനിമാട്ടോഗ്രാഫി ശ്രീ പി.സി ശ്രീരാമിന്റെ അനന്തിരവളും കണ്ണാമൂച്ചി യെന്നാട, അഭിയും നാനും, ആകാശമാന്ത, ഹെയ് സിനാമിക എന്നീ ചിത്രങ്ങളുടെ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
Content Highlights: Aparna Baalamurali on Adipurush