| Tuesday, 12th May 2020, 3:01 pm

സൈബര്‍ ആക്രമണം; മറുനാടന്‍ മലയാളി എഡിറ്റർ ഷാജന്‍ സ്‌കറിയക്കെതിരെ പരാതി നല്‍കി മാധ്യമപ്രവര്‍ത്തക അപര്‍ണാ കുറുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മറുനാടന്‍ മലയാളി മാനേജിംഗ് ഡയറക്ടറായ ഷാജന്‍ സക്‌റിയയുടെ പേരില്‍ പരാതി നല്‍കി ന്യൂസ് 18 കേരളയിലെ അസിസ്റ്റന്റ് എഡിറ്റര്‍ അപര്‍ണ കുറുപ്പ്. സൈബര്‍ ആക്രമണം നേരിട്ടതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്‍കിയതെന്ന് അപര്‍ണ ഫേസ്ബുക്കില്‍ പറഞ്ഞു.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും പാസില്ലാതെ കേരളത്തിലെ അതിര്‍ത്തികളില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലേക്കെത്തിക്കണോ എന്ന വിഷയത്തില്‍ ന്യൂസ് 18 ചാനിലില്‍ ചര്‍ച്ച നടന്നിരുന്നു.

ഇതിനെ തുടര്‍ന്ന് മറുനാടന്‍ മലയാളിയുടെ വെബ്‌സൈറ്റില്‍ ഷാജന്‍ സ്‌കറിയ ചെയ്ത വീഡിയോയില്‍ അപര്‍ണയെ അധിക്ഷേപിച്ചു കൊണ്ട് സംസാരിച്ചിരുന്നു. ഇതിന് പുറമെ അപര്‍ണയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ നിരവധി പേര്‍ അശ്ലീല കമന്റുകളും ഇട്ടിരുന്നു.

ഇതിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്നാണ് അപര്‍ണ ഫേസ്ബുക്കിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഹൈടെകിനും പരാതി നല്‍കിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

‘പാസില്ലാതെ ആള്‍ക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.

ആ കാരണം കൊണ്ട് എനിക്കെതിരെ സൈബര്‍ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ
മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്.

പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്,’ അപര്‍ണ ഫേസ്ബുക്കില്‍ പറഞ്ഞു.

വെര്‍ബല്‍ റേപ് നടത്തിയവരെയും അസഭ്യം പറഞ്ഞവരുടെയും കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സൈബര്‍ ഡോമിന് കൈമാറിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

സൈബര്‍ ആക്രമണത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഒരു പാര്‍ട്ടിക്ക് കൊടി പിടിക്കുന്നവരും കരുതരുതെന്നും അവര്‍ മറ്റൊരു ഫേസ്ബുക്ക്‌പോസ്റ്റില്‍ പറഞ്ഞു.

അതേസമയം പരാതി നല്‍കിയ അപര്‍ണയ്‌ക്കെതിരെ വീണ്ടും വീഡിയോയുമായി ഷാജന്‍ സ്‌കറിയ  രംഗത്തെത്തിയിട്ടുണ്ട്. അപര്‍ണയെ നീലപത്രക്കാരി എന്ന് വിളിച്ചു കൊണ്ടാണ് ഷാജന്‍ സ്‌കറിയയുടെ വീഡിയോ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more