Advertisement
Entertainment
ലാലേട്ടനും മമ്മൂക്കയുമാണ് അച്ഛന്റെയും അമ്മയുടെയും ഇഷ്ടതാരങ്ങള്‍, എന്നാല്‍ എന്റെ ഹീറോ അദ്ദേഹം: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 03:25 pm
Thursday, 13th March 2025, 8:55 pm

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

കുട്ടിക്കാലത്ത് എന്റെ സ്വപനങ്ങളില്‍ നിറയെ ചാക്കോച്ചനും ശാലിനിയുമായിരുന്നു

തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ച് സംസാരിക്കുകയാണ് അപര്‍ണ ബാലമുരളി. കുട്ടിക്കാലം മുതല്‍ തന്റെ ഹീറോ കുഞ്ചാക്കോ ബോബന്‍ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രേംപൂജാരിയാണ് ഇഷ്ടപെട്ട സിനിമയെന്നും അപര്‍ണ പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കുഞ്ചാക്കോ ബോബനൊപ്പം അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിലഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അപര്‍ണ പറഞ്ഞു.

‘കുട്ടിക്കാലത്ത് എന്റെ സ്വപനങ്ങളില്‍ നിറയെ ചാക്കോച്ചനും ശാലിനിയുമായിരുന്നു. അവര്‍ തമ്മില്‍ കല്യാണം കഴിക്കുമെന്നാണ് ഞാനന്ന് കരുതിയത്. അത് നടക്കാതെപോയപ്പോള്‍ ഏറെ സങ്കടം തോന്നി. എന്റെ മനസിലെ സിനിമാമോഹങ്ങളെ വളര്‍ത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍.

എന്റെ ഹീറോ കുഞ്ചാക്കോ ബോബനാണ്

ലാലേട്ടനും മമ്മൂക്കയുമാണ് അച്ഛന്റെയും അമ്മയുടെയും ഇഷ്ടതാരങ്ങള്‍, എന്നാല്‍ എന്റെ ഹീറോ കുഞ്ചാക്കോ ബോബനാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടത് അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. അതില്‍ ഒന്നാംസ്ഥാനം ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത പ്രേം പൂജാരിക്കാണ്.

കുട്ടിക്കാലത്ത് ഞാന്‍ ഭക്ഷണം കഴിക്കണമെങ്കില്‍ അമ്മ ആ സിനിമ വി.സി.ആറില്‍ വെച്ചുതരണം. അതുകൊണ്ടുതന്നെ ആ ചിത്രത്തിലെ ഗാനങ്ങളും സംഭാഷണങ്ങളും എനിക്ക് കാണാപാഠമാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഇഷ്ടതാരത്തിനൊപ്പം അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ദൈവം എനിക്കായ് കരുതിവെച്ച മറ്റൊരു സൗഭാഗ്യം,’ അപര്‍ണ ബാലമുരളി പറയുന്നു.

Content highlight: Aparana Balamurali talks about Kunchacko Boban