വണ്ണം വെച്ച സമയത്തായിരുന്നു ആ സിനിമ ചെയ്തത്, എല്ലാവരും തളര്‍ത്തിയപ്പോള്‍ അദ്ദേഹമാണ് ആത്മവിശ്വാസം തന്നത്: അപര്‍ണ ബാലമുരളി
Entertainment
വണ്ണം വെച്ച സമയത്തായിരുന്നു ആ സിനിമ ചെയ്തത്, എല്ലാവരും തളര്‍ത്തിയപ്പോള്‍ അദ്ദേഹമാണ് ആത്മവിശ്വാസം തന്നത്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 3:58 pm

ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച നടിയാണ് അപര്‍ണ ബാലമുരളി. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കഥാപാത്രത്തിലൂടെയാണ് അപര്‍ണ ശ്രദ്ധേയയായത്. മലയാളത്തിന് പുറമെ തമിഴിലും സാന്നിധ്യമറിയിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

തമിഴിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ ഭാഗമായിരുന്നു. ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രത്തില്‍ മേഘലൈ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്.

താന്‍ തടിവെച്ച സമയത്ത് ചെയ്ത സിനിമയാണ് രായനെന്നും എല്ലാവരും ആ സമയത്ത് തന്നെ തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ചിത്രത്തിന്റെ സംവിധായകനായ ധനുഷും മറ്റു സഹ പ്രവര്‍ത്തകരും തന്നോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് അപര്‍ണ ബാലമുരളി പറയുന്നു. സ്‌ക്രീനില്‍ നന്നായിട്ട് പെര്‍ഫോം ചെയ്യുക എന്ന മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും വളരെ ആത്മവിശ്വാസം ലഭിച്ച സിനിമയായിരുന്നു രായനെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപര്‍ണ.

‘രായന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ധനുഷ് സാര്‍ ഒരുപാട് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. സാറ് മാത്രമല്ല, ആ ടീം മുഴുവനും. ഇടക്ക് ഞാന്‍ നല്ലോണം തടിവെച്ചിട്ട് എല്ലാവരും എന്നെ മാക്സിമം തളര്‍ത്താന്‍ നോക്കിയിരുന്നു. അതൊന്നും ശ്രദ്ധിക്കേണ്ടതില്ലെങ്കിലും നിരന്തരം എല്ലാവരും പറയുമ്പോള്‍ നമ്മളും ബോധപൂര്‍വം ഓരോന്നും ശ്രദ്ധിക്കും

തുടര്‍ച്ചയായി ആളുകള്‍ വണ്ണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇവരൊക്കെ ചിന്തിക്കാതെ സംസാരിക്കുന്നതെന്താണെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഭാരം കുറഞ്ഞു. എന്നാലും ആ സമയത്ത് ‘രായന്‍’ ടീമിലെ ആരും ബോധപൂര്‍വമോ അല്ലാതെയോ എന്നോട് മോശമായി സംസാരിച്ചിട്ടേയില്ല. സ്‌ക്രീനില്‍ ഏറ്റവും നന്നായിട്ട് പെര്‍ഫോം ചെയ്യുക എന്നേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. വളരെയധികം ആത്മവിശ്വാസം കിട്ടിയ സിനിമയാണ് രായന്‍. അവരോടൊക്കെ നന്ദിയുണ്ട്. എത്ര ഉയരത്തിലെത്തിയാലും ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും,’ അപര്‍ണ ബാലമുരളി പറയുന്നു.

Content Highlight: Aparana Balamurali Talks About Dhanush And Raayan Movie