| Saturday, 24th June 2023, 10:55 pm

ലഹരി ഉപയോഗിക്കുന്നതായി ടിനി ചേട്ടന് തോന്നിയിട്ടുണ്ടാകാം, അത് എക്സ്പ്രെസ്സ് ചെയ്യേണ്ട കാര്യമുണ്ടോ എന്നറിയില്ല: അപർണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലഹരി ഉപയോഗത്തിൽ സിനിമാക്കാരെ മാത്രം പഴി ചാരുന്നത് വിഷമം ഉണ്ടാക്കുന്നുവെന്ന് അപർണ ബാലമുരളി. ലഹരി ഉപയോഗം സിനിമയിൽ മാത്രമല്ലെന്നും സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്ന് ടിനി ടോമിന് തോന്നിയാൽ അത് പരസ്യമായി പറയേണ്ടിയിരുന്നോയെന്നും അപർണ പറഞ്ഞു. ബിഇറ്റ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലഹരി ഉപയോഗം സിനിമയിൽ മാത്രമാണുള്ളതെന്ന് മറ്റുള്ളവർ പറയുന്നതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇത് സിനിമയിൽ മാത്രം നിൽക്കുന്ന ഒരു സാധനം അല്ലല്ലോ. അപ്പുറത്തെ വീട്ടിലെ ചേട്ടൻ മദ്യപിച്ച് വീട്ടിൽ കയറി ചെല്ലുന്നതും വഴക്കുണ്ടാക്കുന്നതുമൊക്കെ ഞാൻ ചെറുപ്പം മുതൽ കാണുന്നതാണ്. മദ്യം എല്ലാവരുടെയും ജീവിതത്തിൽ ഒരു വില്ലൻ ആകുന്നത് ഞാൻ ചെറുപ്പം മുതൽ കാണുന്നതാണ്. അതുകൊണ്ട് ഇത് സിനിമയിൽ മാത്രം നിൽക്കുന്നതാണെന്ന് പറയുന്നത് വലിയൊരു മണ്ടത്തരണമാണ്.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോയെന്ന് ഷൈൻ ചേട്ടൻ പണ്ട് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടതാണ്. എനിക്ക് 27 വയസായി, 27 വർഷം മുൻപും ഇതൊക്കെ ആളുകൾ ഉപയോഗിച്ചിരുന്നു.

ടിനി ചേട്ടന്റെ കുട്ടിക്ക് ഇപ്പോൾ എന്തെങ്കിലും ലഹരി പദാർത്ഥങ്ങൾ ട്രൈ ചെയ്ത് നോക്കണമെന്ന് തോന്നിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അവനാണ്‌. ടിനി ചേട്ടന് ആരെങ്കിലും അത് ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ടാകാം, പക്ഷെ അത് എക്സ്പ്രെസ്സ് ചെയ്യേണ്ട കാര്യം ഉണ്ടോ എന്നുള്ളത് എനിക്കറിയില്ല. എന്തായാലും ഈ ലഹരി വിഷയം സിനിമയിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. വാർത്തകൾ പരക്കാൻ എളുപ്പമുള്ള ഒരു പ്ലാറ്റ്ഫോം ആയതുകൊണ്ട് സിനിമാക്കാരെ മാത്രം പ്രതികളാക്കുന്നത് വിഷമമുള്ള കാര്യമാണ്,’ അപർണ പറഞ്ഞു.

അഭിമുഖത്തിൽ സിനിമയിൽ താൻ ചെയ്ത ചെറിയ വേഷങ്ങളെപ്പറ്റിയും അപർണ സംസാരിച്ചു. തങ്കം, മായാനദി എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ എന്തുകൊണ്ടാണ് ചെറുതായി പോയതെന്ന് മറ്റുള്ളവർ ചോദിക്കാറുണ്ടെന്നും അത്തരം വേഷങ്ങൾ തനിക്ക് തന്നതിൽ സംവിധായകരോട് നന്ദിയുണ്ടെന്നും അപർണ പറഞ്ഞു.

‘എനിക്ക് സിനിമയിൽ കിട്ടിയ റോളുകൾക്കൊക്കെ എല്ലാവരോടും നന്ദിയുണ്ട്. എന്തുകൊണ്ടാണ് തങ്കം എന്ന ചിത്രത്തിലെ റോൾ ഭയങ്കര ചെറുതാണല്ലോ, അല്ലെങ്കിൽ എന്തുകൊണ്ടാണ് മായനദിയിൽ ഗസ്റ്റ് റോൾ ചെയ്തത് എന്നൊക്കെ ഇപ്പോഴും ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് എപ്പോഴും അവരോട് നന്നിയുണ്ട്, കാരണം അവരൊക്കെ കാരണമാണ് ഞാൻ ഇപ്പോൾ ഇവിടെ നിൽക്കുന്നത്. എന്റെ കരിയറിൽ എപ്പോഴും ആ നന്ദി ഉണ്ടാകും.

സുധ മാഡത്തിനോട് (സുധ കൊങ്ങര) പറഞ്ഞുതീരാത്ത അത്രയും നന്ദി ഉണ്ട്. ഞാൻ എപ്പോഴും കാണിക്കും ആ നന്ദി. കാരണം, ഒരിക്കലും ചെയ്യാൻ പറ്റാത്ത ഒരു വേഷം എനിക്ക് തന്നു, എന്നെ ട്രെയിൻ ചെയ്യിപ്പിച്ചു, അതിന്റെയൊക്കെ റിസൾട്ടായി എനിക്ക് നാഷണൽ അവാർഡ് കിട്ടി. അതിന്റെ ക്രെഡിറ്റ് സുധ മാഡത്തിന് മാത്രമുള്ളതാണ്,’ അപർണ പറഞ്ഞു.

Content Highlights: Aparana Balamurali on Tini Tom

We use cookies to give you the best possible experience. Learn more