സുധ കൊങ്കാര സംവിധാനം ചെയ്ത സൂര്യ നായകനായ സൂരരൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നടി അപര്‍ണ ബാലമുരളി മലയാള സിനിമയെ കുറിച്ചും ഇൻഡസ്ട്രിയുടെ സാധ്യതകളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ്.
റിപ്പോട്ടര്‍ ടി.വിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് അപര്‍ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്. തമിഴിലൊക്കെ ചെല്ലുമ്പോള്‍ പലരും മലയാളത്തില്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹം പറയാറുണ്ടെന്നും. മലയാളം ഫിലിം ഇന്‍ഡസ്ട്രി ഒരുപാട് കാര്യങ്ങളില്‍ മുന്നിട്ട് നില്‍കുന്നുണ്ടെന്നും അപര്‍ണ പറയുന്നു.
‘തമിഴിലൊക്കെ പോകുമ്പോള്‍ എല്ലാവരുടേയും ആഗ്രഹം മലയാളത്തില്‍ വര്‍ക്ക് ചെയ്യണമെന്നാണ്. മലയാളം ഒരുപാട് കാര്യങ്ങളില്‍ മുന്നില്‍ തന്നെയാണ് ഉള്ളത്. നമ്മള്‍ കൊടുക്കുന്ന ക്വാളിറ്റിയും, കഥ പറയുന്ന രീതിയുമൊക്കെ നല്ലത് . പാന്‍ ഇന്ത്യന്‍ സിനിമകള്‍ ഇന്ന് എടുക്കുന്ന പടത്തെക്കാള്‍ മലയാളം സിനിമകള്‍ കുറെ പേര്‍ കാണുന്നുണ്ട്. ഒ.ടി.ടിയുടെ വലിയൊരു ഗുണമായി കാണുന്നത് അതാണ്. തീര്‍ച്ചയായും 25 വര്‍ഷങ്ങള്‍ ഒക്കെ കഴിയുമ്പോള്‍ മലയാള സിനിമ വേറെരു തലത്തിലാവും എന്നാണ് എനിക്ക് തോന്നുന്നത്’, അപര്‍ണ പറയുന്നു.
സൂരരൈ പോട്ര് തന്നത് മികച്ച അവസരമാണെന്നും അതില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അപര്‍ണ കൂട്ടിചേര്‍ക്കുന്നുണ്ട്.
ഡെക്കാന്‍ വിമാന കമ്പനിയുടെ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി സുധ കൊങ്കാര സംവിധാനം ചെയ്ത സൂരരൈ പോട്ര് വാണിജ്യ വിജയം നേടിയതിനൊപ്പം ഇന്ത്യയാകെ തന്നെ ശ്രദ്ധ നേടിയിരുന്നു.
സൂര്യയുടെ തന്നെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ടെയിന്‍മെന്റ്സും ചേര്‍ന്ന് നിര്‍മിച്ച സൂരരൈ പോട്ര് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലേക്ക് ചിത്രം നിര്‍ദേശിക്കപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടത്തില്‍ പുറത്താകുകയായിരുന്നു.
മോഹന്‍ ബാബു, പരേഷ് റാവല്‍, ഉര്‍വശി എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. തങ്കം, കടുവക്ക് ശേഷം ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കാപ്പ എന്നീ ചിത്രങ്ങളാണ് അപര്‍ണയുടെ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.